ഏറ്റുമാനൂർ: ചവിട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു. ഏറ്റുമാനൂർ നരിക്കുഴിയിൽ മണി രാഘവനാണ്(70) കൊല്ലപ്പെട്ടത്. ഇയാളുടെ വളർത്തുമകൻ മനു(34)വിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ദിവസവും മദ്യപിച്ച് എത്തുന്ന മണി രാഘവൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. രണ്ടു മാസം മുൻപായിരുന്നു മനുവിന്റെ വിവാഹം. ഞായറാഴ്ച രാത്രി വഴക്ക് മൂത്തതിനെ തുടർന്ന് സഹികെട്ട മനു മണിരാഘവനെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ് വീടിന്റെ തിണ്ണയിൽ വീണ മണി രാഘവൻ ബോധരഹിതനായതോടെ അകത്തു കട്ടിലിൽ കയറ്റി കിടത്തി. രാവിലെ പരിശോധിച്ചപ്പോൾ മരിച്ചതായി കണ്ടെത്തി. ഇതോടെ മനു സ്വഭാവിക മരണം എന്ന രീതിയിൽ പോലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി.
എന്നാൽ പോലീസിന്റെ പരിശോധനയിൽ അസ്വഭാവികത തോന്നിയതോടെ ഇൻക്വസ്റ്റ് തയാറാക്കി മ്യതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിൽ മണി രാഘവന്റെ രണ്ട് വാരിയെല്ല് ഒടിഞ്ഞതായി കണ്ടെത്തി.
ക്രൂരമായ മർദനമേറ്റാണ് മരണം സംഭവിച്ചതെന്ന് ഇതോടെ വ്യക്തമായി. മനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകമെന്ന് സമ്മതിച്ചു. മദ്യലഹരിയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
മനുവിന് ആറു വയസുളളപ്പോഴാണ് അമ്മയോടൊപ്പം മണിരാഘവൻ താമസം തുടങ്ങിയത്. അടിച്ചിറയിൽ പുറന്പോക്കിലായിരുന്നു താമസം. ഏതാനും വർഷം മുൻപ് മനുവിന്റെ അമ്മ അപകടത്തിൽ മരിച്ചു. ഇൻഷ്വറൻസ് ക്ലെയിം കിട്ടിയ പണത്തിന് ഏറ്റുമാനൂരിൽ വീട് വാങ്ങി ഇരുവരും താമസിച്ചു വരികയായിരുന്നു.
സ്ഥിരമായി ബഹളമുണ്ടാക്കി കേസിൽപ്പെടുന്ന മണി രാഘവനെ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നത് മനുവായിരുന്നു. പെറ്റിക്കേസിൽപ്പെടുന്ന മണി രാഘവന് കോടതിയിൽ പണം അടയ്ക്കുന്നതു പോലും മനുവായിരുന്നുവെന്ന് പോലീസ് പറയുന്നു.