രാഹുല്‍ ഗാന്ധിയുടെ കൊല്ലം റാലിയില്‍ താരമായത് പരിഭാഷ നടത്തിയ ജ്യോതി വിജയകുമാര്‍. രാഹുലിന്റെ പ്രസംഗത്തിന്റെ ഫീല്‍ അതേരീതിയില്‍ പ്രതിഫലിക്കുന്നതായിരുന്നു ജ്യോതിയുടെ പരിഭാഷ. വാക്കുകളുടെ ആശയം ഒട്ടും ചോരാതെ മലയാളികള്‍ക്ക് എളുപ്പം മനസിലാക്കാന്‍ സഹായകരമാകുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയായിരുന്നു ജ്യോതി സംസാരിച്ചത്. രാഹുല്‍ സംസാരിക്കുന്ന അതേ വേഗത്തില്‍ തന്നെയായിരുന്നു ജ്യോതിയുടെ പരിഭാഷയും. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി.
ഇതാദ്യമായല്ല ജ്യോതി രാഹുലിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്നത്. 2011ല്‍ ജന്മനാടായ ചെങ്ങന്നൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്തുകൊണ്ടാണ് ജ്യോതി പരിഭാഷകയെന്ന നിലയില്‍ തുടക്കമിട്ടത്. പിന്നീട് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലും ജ്യോതി രാഹുലിന്റെ വാക്കുകള്‍ തര്‍ജ്ജമ ചെയ്തു. അന്ന് പ്രസംഗം കഴിഞ്ഞ് രാഹുല്‍ ജ്യോതിയെ അഭിനന്ദിച്ചിരുന്നു.
ജ്യോതി ചെറിയ കക്ഷിയല്ല. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജിലെ ആദ്യ വനിത ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നു. നിയമത്തില്‍ ബിരുദം നേടിയ ജ്യോതി തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാവ് അഡ്വ.ഡി വിജയകുമാറിന്റെ മകളാണ് ജ്യോതി.
കെപിസിസി പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ നിര്‍ദേശപ്രകാരമാണ് ആദ്യമായി സോണിയ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ ജ്യോതിക്ക് അവസരം ലഭിച്ചത്. അന്ന് ആ പ്രസംഗത്തിനു ശേഷം ജ്യോതിയെ സോണിയ ഗാന്ധി അഭിനന്ദിച്ചിരുന്നു.