കൊച്ചി: പനന്പിള്ളി നഗറിൽ നടുറോഡിൽ പെണ്‍കുട്ടിയുടെ ദേഹത്തു ബൈക്കിലെത്തി പെട്രോളൊഴിച്ച സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. ദുബായിൽ ഓയിൽ കന്പനിയിൽ ജോലി നോക്കിവന്ന പാലക്കാട് സ്വദേശി മനു(30)വിനെയാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ ഇയാൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങവേ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ ഇയാളാണ് പ്രതിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദുബായിലെ കന്പനിയുമായി പോലീസ് ബന്ധപ്പെട്ട് ഇയാളെ മടക്കി അയക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകളിൽനിന്നുമാണ് ഇയാൾതന്നെയാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. വിവാഹാഭ്യർഥനയുമായി ഇയാൾ സമീപിച്ചെങ്കിലും പെണ്‍കുട്ടിയുടെ പക്കൽനിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 14 ന് രാത്രി 7.15 ഓടെ പനന്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞശേഷം പെണ് സുഹൃത്തിനോടൊപ്പം നടന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച യുവാവ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചു.
ഭയന്ന പെണ്‍കുട്ടി ഉടൻ റോഡ് മുറിച്ച് കടന്നു സമീപത്തെ കടയിൽ രക്ഷ തേടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും പ്രതി രക്ഷപെട്ടു. പ്രേമനൈരാശ്യമാകാം ആക്രമണത്തിനു പിന്നിലെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം.
എന്നാൽ, ഇത്തരത്തിലൊന്നും പോലീസിന് ആദ്യഘട്ടത്തിൽ തിരിച്ചറിയാനായിരുന്നില്ല. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് പ്രതി നേരത്തേ ഇത്തരത്തിൽ വിവാഹാഭ്യർഥന നടത്തിയിരുന്നതായ വിവരം പോലീസ് തിരിച്ചറിഞ്ഞത്. ഇതിനിടെ, അക്രമണം പ്രതി ദുബായിലേക്ക് കടക്കുകയായിരുന്നു.