കത്തിഹാർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു. ബിഹാറിലെ കത്തിഹാറിൽ കോണ്‍ഗ്രസ് സ്ഥാനാർഥി താരിഖ് അൻവറിന്റെ പ്രചാരണ റാലിയിൽ സംസാരിക്കവെ മുസ്ലീം വോട്ടർമാരുടെ പേരിൽ വോട്ട് അഭ്യർഥിച്ചതാണ് സിദ്ദുവിന് കുരുക്കായത്.
സംഭവത്തെ തുടർന്ന് ബിഹാർ തെരഞ്ഞെടുപ്പ് ഓഫീസ് തുടർ നടപടികൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുകയും ചെയ്തു. മുസ്ലീങ്ങൾ കൂട്ടത്തോടെ വോട്ടു ചെയ്യണമെന്നും, എന്നാൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാകുമെന്നുമാണ് സിദ്ദു പറഞ്ഞത്. സിദ്ദുവിനെതിരേ തെര. കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് വര്‍ഗീയ പരാമര്‍ശത്തിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് സിദ്ദുവും പരിധി വിട്ടത്.