നിയാസ് മുസ്തഫ
ഡിഎംകെ വനിതാ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയി ലുള്ള വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും തെരഞ്ഞെ ടുപ്പ് കമ്മീഷന്റെ സ്ക്വാഡും നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ബിജെപിക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കനിമൊഴി ആഞ്ഞടിച്ചിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തുക്കുടി മണ്ഡലത്തിൽനിന്നാണ് കനിമൊഴി ജനവിധി തേടുന്നത്. നാളെയാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഇന്ന ലെ രാത്രിയിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെ ന്ന് കനിമൊഴിയുടെ സഹോദരനും ഡിഎംകെ നേതാവുമായ എം. കെ സ്റ്റാലിനും ആരോപിച്ചു.
തന്റെ വിജയത്തിൽ പരിഭ്രാന്തരായാണ് ബിജെപി തനിക്കെതിരേ റെയ്ഡ് നടത്തുന്നതെന്ന് കനിമൊഴി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. തന്റെ വീട്ടിൽനടന്ന റെയ്ഡ് നിയമവിരുദ്ധമാണ്-കനിമൊഴി പ്രതികരിക്കുന്നു. വോട്ടർമാർക്ക് നൽകാനായി കനിമൊഴിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത കോടികൾ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇത് ബിജെപിയുടെ തരംതാണ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് ഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിർ സ്ഥാനാർത്ഥിയുമായ തമിലിസൈ സൗന്ദരാജൻ കോടികൾ സ്വന്തം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്ഡുകൾ നടത്തുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെയും ഡിഎംകെയെ താറടിച്ച് കാണിക്കാൻ ഉപയോഗിക്കുകയാണ്- സ്റ്റാലിൻ ആരോപിച്ചു.
ജനാധിപത്യത്തിന്റെ മരണമെന്നാണ് റെയ്ഡിനെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുന്പാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥിയായ കതിർ ആനന്ദിന്റെ ഓഫീസിൽനിന്ന് വലിയ തോതിൽ പണം പിടികൂടിയത്
. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കതിർ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിഎംകെയിലെ പ്രമുഖ നേതാവായ ദുരൈ മുരുഗന്റെ മകനാണ് കതിർ ആനന്ദ്. ദുരൈ മുരുകന്റെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ട് ദിവസത്തിനു ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണിൽ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു.
തമിഴ്നാട്ടിൽനിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. 205 കോടി രൂപ പണമായും ബാക്കി സ്വർണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ 18 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കൽ, തിരുനൽവേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകൾ നടന്നത്.