സ്വന്തം ലേഖകന്‍
സിപിഎമ്മിനെ പൂര്‍ണമായി ‘വിട്ട് ‘ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്ത് രണ്ടാം വട്ട പ്രചാരണത്തിന് എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്ക. കേരളത്തില്‍ മുഖ്യ എതിരാളിയായി സിപിഎമ്മിനെ ചൂണ്ടിക്കാണിക്കുന്ന സംസ്ഥാന നേതൃത്വത്തിന് നിലവില്‍ അവര്‍ക്കെതിരേ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഒന്നും പറയാത്തത് ‘ക്ഷീണ’മാണ്. തെരഞ്ഞെടുപ്പിനുശേഷമുള്ള ദേശീയ സഖ്യമുള്‍പ്പെടെ മുന്നില്‍ കണ്ട് സിപിഎമ്മിനെതിരേ താന്‍ ഒന്നും പറയില്ലെന്ന് വയനാട്ടില്‍ എത്തി പത്രികസമര്‍പ്പിക്കുന്ന വേളയില്‍ തന്നെ രാഹുല്‍ അറിയിച്ചിരുന്നു.
ഇത് പ്രവര്‍ത്തകരിലെ ആവേശം തെല്ലൊന്നുകെടുത്തി. ഇന്നലെ പങ്കെടുത്ത പരിപാടികളിലൊന്നും സിപിഎമ്മിനെ പ്രത്യക്ഷത്തില്‍ കടന്നാക്രമിക്കാന്‍ രാഹുല്‍ തയാറായില്ല. അതേസമയം ബിജെപിയെും സംഘപരിവാറിനെയും കടന്നാക്രമിക്കുകയും ചെയ്തു.
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ തുടക്കം മുതലേ എതിര്‍ത്തത് സിപിഎമ്മാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നരവധി തവണ ഇത് പ്രകടമാക്കുകയും ചെയ്തു. അപ്പോഴും രാഹുല്‍ സിപിഎമ്മിനെതിരേ പറയില്ല, ഞങ്ങള്‍ പറയും എന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട്.
വയനാട്ടിലും തിരുവമ്പാടിയിലും തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഇതേ രീതി തന്നെയായിരിക്കും പിന്തുടരുക. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരം ആചാരത്തിനും വിശ്വാസ സംരക്ഷണത്തിനും ഒപ്പമുണ്ടാകുമെന്ന വാക്കും അദ്ദേഹം നല്കുന്നു.
നേരത്തെ ശബരിമല വിഷയത്തില്‍ രണ്ട് നിലപാടാണ് സംസ്ഥാന നേതൃത്വത്തിനും പാര്‍ട്ടി ദേശീയ അധ്യക്ഷനുമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. യുവതിപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു രാഹുലിനുണ്ടായിരുന്നത്. ഇത് സിപിഎം കോണ്‍ഗ്രസിനെതിരേ ആയുധമാക്കുകയും ചെയ്തിരുന്നു.
ഈ ഒരു പശ്ചാത്തലത്തില്‍ ശബരിമലയുടെ പേര് എടുത്ത പറയാതെ ആചാരം സംരക്ഷിക്കാന്‍ ഒപ്പമുണ്ടാകുമെന്ന രാഹുലിന്റെ പ്രസ്താവന ഫലത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും എതിരേ തന്നെയാണ്. എന്നാല്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നതിന് രാഹുല്‍ നിലവില്‍ സന്നദ്ധനല്ല. കേരളത്തിലായാലും മറ്റെവിടെയായാലും ബിജെപി തന്നെ മുഖ്യശത്രു എന്ന നിലപാടാണ് രാഹുല്‍ സ്വീകരിക്കുക. ഇത് കേരളത്തിലെ പ്രവര്‍ത്തകരുടെ ആവേശം കെടുത്തുമെങ്കിലും വിശാലതാത്പര്യം പരിഗണിച്ച് നേതാക്കള്‍ രാഹുലിന്റെ ഈ ലൈനിനൊപ്പമാണ് താനും.