കോട്ടയം : കാലപ്പഴക്കം മൂലം ഇടിഞ്ഞു പൊളിഞ്ഞ നഗരസഭ വക അറവുശാല പൂട്ടിയതു മൂലം ഈസ്റ്ററിന് ഇറച്ചി കിട്ടാൻ ബുദ്ധിമുട്ടും. ഏപ്രിൽ ഒന്നു മുതൽ അറവ് ശാല പൂട്ടിയതോടെ 50 തൊഴിലാളികളുടെ പണി പോയി. നഗരസഭാ അധികൃതർ ഇടപെട്ട് താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് ജില്ലാ മട്ടണ്‍ ആൻഡ് ബീഫ് സ്റ്റാൾ എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , ജനറൽ സെക്രട്ടറി ടോണി തോമസ് എന്നിവർ ആവശ്യപ്പെട്ടു.
അതേ സമയം ആഘോഷ പരിപാടിക്ക് താൽക്കാലിക അറവുശാലയ്ക്ക് ലൈസൻസ് നല്‍കുന്നതിന് തടസമില്ലെന്ന് നഗരസഭാ ചെയർപേഴ്സണ്‍ അറിയിച്ചു. നിലവിലുള്ള കെട്ടിടം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാമെന്നും അവിടെ അറവു ശാല അനുവദിക്കാനാവില്ലെന്നും മറ്റ് സ്ഥലം കണ്ടെത്തി അപേക്ഷ നല്കിയാൽ അനുവദിക്കുമെന്നും ചെയർപേഴ്സണ്‍ പറഞ്ഞു.
കോടിമതയിൽ നഗരസഭ നിർമിക്കുന്ന ആധുനിക അറവ് ശാല രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റുമുള്ള എഗ്രിമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ വയ്ക്കാനാവു. അതിനാലാണ് വൈകുന്നത്. അതുവരെ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുന്നതിന് തടസമില്ലെന്നും അവർ പറഞ്ഞു.