ആറ്റിങ്ങൽ: വിദേശ പണമിടപാട് സ്ഥാപങ്ങളിൽ വിദേശ കറൻസി മാറാനെന്ന വ്യാജേന എത്തി സ്ഥാപത്തിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് വിദേശ കറൻസികളും ഇന്ത്യൻ രൂപയും മോഷ്ടിച്ച ഇറാനിയൻ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. സെറാജുദീൻ ഹൈദർ (57) ,ഇയാളുടെ ഭാര്യ ഹെൻഡാരി ഹൊസ്ന (53) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള വി.എസ്.അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 സെപ്തംബർ മാസം 17 ന് 1 55 000 ഇന്ത്യൻ രൂപക്ക് തുല്യമായ സൗദി റിയാലും കുവൈറ്റ് ദിനാറും മോഷണം ചെയ്തതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിൽ ആകുന്നത്.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസിന് വിദേശികളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഇവ സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള എയർപോർട്ടിന് സമീപത്തും റെയിൽവേ സ്റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവർ എറണാകുളം , അങ്കമാലി മേഖലയിൽ എത്തിയതായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു.
തുടർന്ന് തിരുവനന്തപുരം റൂറൽ ഷാഡോ ടീം അങ്കമാലി പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ മനസ്സിലാക്കി പ്രതികളെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തിക്കുന്ന ബെന്നി വർഗ്ഗീസ് എന്ന ആളിന്റെ ഉടമസ്ഥതയിൽ ഉള്ള ലാവണ്യ ഷോപ്പിംഗ് സെന്ററിൽ നിന്നും സമാനമായ രീതിയിൽ രണ്ടര ലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള സൗദി റിയാൽ 2017 ഒക്ടോബർ മാസം 19 ന് മോഷണം നടത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന അനിൽ കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള പിക്സൽ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 മേയ് മാസം 18 ന് 30 000 ഇന്ത്യൻ രൂപയോളം മൂല്യമുള്ള അമേരിക്കൽ ഡോളർ മോഷണം ചെയ്തതും കിളിമാനൂർ കാരേറ്റ് പ്രവർത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 58 000 ഇന്ത്യൻ രൂപ മോഷണം ചെയ്തതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മാത്തൊരിക്കുളത്തെ ഷെരീഫ് ഫോറ്റ്സിലും , മറ്റ് നിരവധി സ്ഥലങ്ങളിലും ഇവർ മോഷണത്തിന് ശ്രമം നടത്തിയിരുന്നു .ഇവർ മുംബൈ , ഗോവ തുടങ്ങളിയ അനവധി സ്ഥലങ്ങളിൽ നേരത്തേ ഹോട്ടലുകളിൽ താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിൽ ഇവർ നടത്തിയ മറ്റ് മോഷണങ്ങൾ തെളിയിക്കാനാകും എന്നാണ് പോലീസ് കരുതുന്നത്.