വൈപ്പിൻ: നെടുങ്ങാട് സേക്രഡ് ഫാമിലി എൽപി സ്കൂളിൽ കയറി ലാപ്ടോപ് മോഷ്ടിക്കുകയും വാട്ടർ പ്യൂരിഫയർ, മോണിറ്റർ, സിപിയു എന്നിവ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഞാറക്കൽ പോലീസ് അന്വേഷണം തുടങ്ങി. പ്രതികൾ പ്രദേശവാസികളിൽ ചിലരാണെന്നാണ് സൂചന. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിന്റെ എസി വിൻഡോ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. ഇന്നലെയാണ് മോഷണ വിവരമറിയുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി മാനേജർ ഫാ. തോമസ് തറയിൽ പോലീസിനെ അറിയിച്ചു. ഇന്നലെത്തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ഉൗർജിതമാക്കിയതായി എസ്ഐ സംഗീത് ജോബ് അറിയിച്ചു.