പിറവം: ഒരു കാലത്ത് വനിതാ വോളിബോളിലൂടെയാണ് നാമക്കുഴിയേക്കുറിച്ചും നാമക്കുഴി സഹോദരിമാരേക്കുറിച്ചും ലോകം അറിഞ്ഞതെങ്കിൽ ഇപ്പോൾ ആ പെരുമ വീണ്ടെടുക്കാൻ കൊച്ചുമിടുക്കികളായ നാലു താരങ്ങൾ ഫുട്ബോളിലൂടെ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഈ അവധിക്കാലത്ത് നാമക്കുഴിയിൽ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ ഫുട്ബോൾ പരിശീലിപ്പിക്കുകയാണ് നാലംഗ സംഘം.
സഹോദരിമാരായ വെള്ളൂർ കൊട്ടാരത്തിൽവാര്യം ശ്രീവിദ്യ, ശ്രീദേവി, ചന്ദ്രമലയിൽ കാവ്യ മനോജ്, പൂത്താടം മാഞ്ചുവട്ടിൽ അക്ഷര അനിൽ എന്നിവരാണ് നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ പുലർച്ചെ മുതൽ അന്‍പതിലധികം കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകിവരുന്നത്. ദേശീയ മത്സരങ്ങളിൽ കേരളത്തിനുവേണ്ടി ഹോക്കി മത്സരങ്ങളിലും സംഘം പങ്കെടുത്തിട്ടുണ്ട്.
ഒരേനാട്ടുകാരായ ഇവർ വെള്ളൂരിൽ നിന്നും നാമക്കുഴിയെത്തുന്നതിന് വഴിതെളിഞ്ഞത് ഇവരുടെ പരിശീലകനായിരുന്ന ജോമോൻ ജേക്കബ് വഴിയാണ്. മേവേള്ളൂരിൽ വനിത ഫുട്ബോൾ അക്കാഡമി സ്ഥാപിച്ചതിലൂടെയാണ് നാമക്കുഴി സ്വദേശിയായ ജോമോൻ ഇവരെ കണ്ടെത്തുന്നത്. കഴിഞ്ഞതവണ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ എംജി സർവകലാശാലയ്ക്കുവേണ്ടി അക്ഷര കളിച്ചിരുന്നു. രണ്ടുതവണ ഫെഡറേഷൻ കപ്പിൽ മലപ്പുറം ടീമിനുവേണ്ടിയും ഗ്രൗണ്ടിലിറിങ്ങിയിട്ടുണ്ട്.
ഹോക്കിയിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള കാവ്യയിപ്പോൾ ഫുട്ബോളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിനുവേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ട്. സഹോരിമാരായ ശ്രീവിദ്യയും ശ്രീദേവിയും മൂന്നു തവണ ഫുട്ബോൾ മത്സരത്തിൽ കേരളത്തിനുവേണ്ടി ഇറങ്ങിയിട്ടുണ്ട്. ഒരുടീമിൽ അഞ്ചുപേർ മത്സരിക്കുന്ന ഫുട്സാൽ’ മത്സരത്തിലും ഇവർ മിടുക്കികളാണ്. സ്വന്തമായി ഒരു ടീമിനെത്തന്നെ ഇവർ വാർത്തെടുത്തിട്ടുണ്ട്. സഹോരിമാരായ ശ്രീവിദ്യയും ശ്രീദേവിയും ഡിഗ്രി അവസാനവർഷവും, അക്ഷരയും കാവ്യയും ഡിഗ്രി രണ്ടാംവർഷവും പഠിക്കുകയാണ്.
വെള്ളൂരിൽ നിന്നും 12 കിലോമീറ്ററോളം യാത്ര ചെയ്താണ് നാലു പെണ്‍കുട്ടികളും പിറവത്ത് നാമക്കുഴിയിൽ എത്തുന്നത്. രാവിലെ 7.30 മുതൽ പത്തുവരെ നാമക്കുഴി സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. സ്കൂളിലെ കായികാധ്യാപകനായ ജോയിയുടെ സഹകരണവുമുണ്ട്. ആറുമുതൽ 20 വയസുവരെയുള്ള കുട്ടികളാണ് ഇവിടെയെത്തുന്നത്. സാധാരണ അവധിക്കാല ക്യാന്പുകളിൽ ഫീസുകൾ വാങ്ങി പരിശീലനം നൽകുന്പോൾ, ഇതിൽ നിന്നും വിഭിന്നമായി സൗജന്യ പരിശീലനമാണ് ഇവിടെ നൽകുന്നത്. ചെലവേറിയതിനാൽ പരിശീലന പരിപാടിക്ക് നല്ലൊരു സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.