പാലക്കാട് : സപ്ലൈകോ ഓണ്‍ലൈൻ മുഖേന രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് തൂക്കിവാങ്ങുന്ന നെല്ലിന്റെ തൂക്കം സംഭരണശാലയിലെത്തുന്പോൾ മില്ലുകാർ തൂക്കംകുറയ്ക്കുന്നതായുള്ള പരാതിയിൽ മില്ല് ഏജന്റുമാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു.
ഓണ്‍ലൈൻ മുഖേന രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകരുടെയും നെല്ല് അവ ശേഖരിച്ചുവെച്ച സ്ഥലങ്ങളിൽ പാഡി പ്രൊക്യുർമെന്റ് അസിസ്റ്റന്റ് സന്ദർശിക്കുകയും ചാക്കിന്റെ എണ്ണമനുസരിച്ച് ഓരോ 55 കിലോഗ്രാമിനും പാഡി ക്ലിപ്പും കൂടാതെ നെല്ല് ലോഡ് ചെയ്തതിനുശേഷം തൂക്കച്ചീട്ടും നൽകുന്നുണ്ട്.
നെല്ല് സംഭരണശാലയിലെത്തുന്പോൾ നെല്ലിന് സപ്ലൈകോയുടെ പേരിൽ മില്ലുകാർ നൽകുന്ന പാഡി റെസീപ്റ്റ് ഷീറ്റും പാഡിക്ലിപ്പും തൂക്കച്ചീട്ടും കർഷകർക്ക് ഒത്തുനോക്കാവുന്നതാണ്. പതിരുമാറ്റി സപ്ലൈകോ നിർദേശിക്കുന്ന 17 ശതമാനം ഈർപ്പം ഉറപ്പാക്കിയാണ് കർഷകർ നെല്ല് വിൽപ്പനക്കൊരുക്കുന്നത്.
നെല്ലിൽ അടങ്ങിയിട്ടുളള പതിര് മാറ്റുന്നതിനും ഈർപ്പം കുറയ്ക്കുന്നതിനും സ്ഥലസൗകര്യമില്ലാത്ത കർഷകർ തൂക്കത്തിൽ കിഴിവ് വരുത്തുന്നതിനുളള സമ്മതപത്രം എഴുതി നൽകാറുണ്ട്. ഇത്തരത്തിലല്ലാതെ മറ്റെന്തെങ്കിലും കാരണത്താൽ തൂക്കത്തിൽ കുറവ് വരുത്തുകയോ അതുവഴി കർഷകർക്ക് ധനനഷ്ടം സംഭവിക്കുകയോ ചെയ്താൽ മില്ലുകാർക്കെതിരെ കർശനനടപടി സ്വീകരിക്കും.
കർഷകരിൽ നിന്നും തൂക്കം ഉറപ്പുവരുത്തി ഏറ്റെടുത്ത ശേഷം മില്ലിലേയ്ക്ക് ഏജന്റ് മുഖേന എത്തിച്ച നെല്ലിന് പാഡി റസീപ്റ്റ് ഷീറ്റ് കിട്ടുന്പോൾ തൂക്കം കുറഞ്ഞതായുള്ള പരാതികളിൽ സപ്ലൈകോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതായും പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞു.