റിയാദ്: സൗദി അബ്യേയിൽ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. കഴിഞ്ഞ ഫെബ്രുവരി 28-നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഹോഷിയാർപുർ സ്വദേശി സത്വീന്ദർ കുമാർ, ലുധിയാന സ്വദേശി ഹർജിത് സിംഗ് എന്നിവരെയാണ് വധിച്ചതെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ വധശിക്ഷ എന്നാണ് നടപ്പാക്കിയത് എന്നതു സംബന്ധിച്ചു മന്ത്രാലയത്തിന്റെ പക്കൽ സ്ഥിരീകരണമില്ല.
രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതും ഇത് തടയാൻ കഴിയാത്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തി. കൂടൂതൽ വിവരങ്ങൾ ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി നിയമപ്രകാരം വധിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുനൽകില്ലെന്നും സർട്ടിഫിക്കറ്റ് മാത്രമേ നൽകുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം സത്വീന്ദറിന്റെ വിധവയെ അറിയിച്ചു.
സത്വീന്ദറിനെ വധിച്ചെന്നറിയിച്ച് മാർച്ച് രണ്ടിന് ഫോണ് സന്ദേശം ലഭിച്ചിരുന്നെന്നും എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളുണ്ടായില്ലെന്നും സത്വീന്ദറിന്റെ ഭാര്യ പറഞ്ഞു. ഇതേതുടർന്ന് സീമ റാണി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. എന്നിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് സീമ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം വധശിക്ഷ സ്ഥിരീകരിക്കുന്നത്.
2015 ഡിസംബർ ഒന്പതിന് മറ്റൊരു ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ കേസിലാണ് സത്വീന്ദറും ഹർജീതും അറസ്റ്റിലാകുന്നത്.