ന്യൂഡൽഹി: മീടു ആരോപണവിധേയനായ നടൻ അലോക്നാഥിനൊപ്പം അഭിനയിച്ച ബോളിവുഡ് നടൻ അജയ് ദേവഗ്ണിനെതിരേ വിമർശവുമായി ഇന്ത്യയിൽ മീടു വെളിപ്പെടുത്തലുകൾക്കു തുടക്കമിട്ട നടി തനുശ്രീ ദത്ത. മീടു ആരോപണം ഉയർന്ന സമയത്ത് ആരോപണ വിധേയർക്കൊപ്പം അഭിനയിക്കില്ല എന്ന് ദേവ്ഗണ് പറഞ്ഞിരുന്നെന്നും ഇപ്പോൾ അദ്ദേഹം ചെയ്തിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും നട്ടെല്ലില്ലാത്ത പ്രവർത്തിയാണെന്നും ദത്ത ആരോപിച്ചു.
ദേ ദേ പ്യാർ സെ എന്ന പുതിയ ദേവ്ഗണ് ചിത്രത്തിൽ അലോക്നാഥും അഭിനയിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ദത്തയുടെ കുറ്റപ്പെടുത്തൽ. സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് താനോ തന്റെ സിനിമാ നിർമാണ കന്പനിയോ സഹകരിക്കില്ലെന്ന് മീടു ആരോപണങ്ങൾ ഉയർന്ന സമയത്ത് അജയ് ദേവ്ഗണ് ട്വീറ്റ് ചെയ്തിരുന്നു. ഇതും ദത്ത കുത്തിപ്പൊക്കി. അലോക്നാഥിനെ പിന്തുണയ്ക്കുന്നതിലൂടെ ബലാത്സംഗ-പീഡന ആരോപണ വിധേയനായ ഒരാൾക്ക് ബോളിവുഡിലേക്കു തിരിച്ചുവരവിനു ദേവ്ഗണ് വഴിയാരുക്കുകയാണെന്നും ദത്ത കുറ്റപ്പെടുത്തി.
തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയാണ് കഴിഞ്ഞ വർഷം അലോക് നാഥിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. 19 വർഷം മുൻപ് അലോക് നാഥ് തന്നെ പാർട്ടിക്ക് ക്ഷണിച്ചശേഷം മയക്കുമരുന്ന് നൽകുകയും തന്റെ വീട്ടിലെത്തി അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു വിന്റയുടെ പരാതി.
മീടൂ കാന്പയ്നിന്റെ ഭാഗമായി നിരവധി പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. നടൻ നാന പടേക്കർ, രജത് കപൂർ, ചേതൻ ഭഗത്, മാധ്യമപ്രവർത്തകൻ പ്രശാന്ത് ഝാ എന്നിവർ ഇത്തരത്തില്‍ ആരോപണ വിധേയരായി.