ചാലക്കുടി: ബാങ്കുകളെ കബളിപ്പിച്ച രാജ്യം വിട്ട മോദിയുടെ 36 സുഹൃത്തുകളുടെ അട്ടിമറിപ്പണം ബിജെപിക്കു വരുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുമുന്നണി മുനിസിപ്പൽതല റാലിക്കുശേഷം നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
36 സുഹൃത്തുകൾക്കു മാത്രം നേട്ടമുണ്ടാക്കിയ മോദി സർക്കാർ തുടരാൻ പാടില്ലെന്നും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വലിയ അഴിമതികളാണ് മോദിയുടെ ഭരണത്തിൽ നടന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. അഞ്ചു വർഷത്തെ അനുഭവത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തു. സുപ്രിം കോടതി, സിബിഐ, ഇലക്ഷൻ കമ്മീഷൻ എന്നിവയെ ആർഎസ്എസിന്റെ നീതിയിലേക്കു മാറ്റുകയാണ് മോദി സർക്കാർ ചെയ്തത്.
ബിജെപി ഭരണത്തിൽ സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു. ബിജെപി എന്തു പ്രസംഗിച്ചാലും ജനങ്ങൾക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു. സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്ന മോദി കള്ളത്തരങ്ങളാണ് പറയുന്നതെന്നും ഭീകരത തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ടതിനുശേഷം എത്ര ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും ഭീകരാക്രമണങ്ങൾ വർധിച്ചിരിക്കയാണെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തെ ശാസ്ത്രജ്ഞർ ഉണ്ടാക്കുന്ന നേട്ടങ്ങളെല്ലാം മോദി സ്വന്തം നേട്ടമായി വീരവാദം മുഴക്കുകയാണ്.കേരളത്തിൽ വന്ന് സാംസ്കാരിക മൂല്യങ്ങളെപ്പറ്റി പ്രസംഗിക്കുന്ന ബിജെപി കേരളത്തിനു പുറത്ത് ബീഫിന്റെ പേരിൽ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ പ്രസിഡന്റ് ബിജെപിക്കെതിരെ മത്സരിക്കാതെ എന്തിനു കേരളത്തിൽ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നുവെന്ന് യെച്ചൂരി ചോദിച്ചു.
അദ്ദേഹത്തിന്റെ അമ്മൂമ്മയും അമ്മയും തെക്കേ ഇന്ത്യയിൽ ബിജെപിക്കെതിരെയാണ് മത്സരിച്ചതെന്നു യെച്ചൂരി ചൂണ്ടിക്കാട്ടി. പി.എം.വിജയൻ അധ്യക്ഷത വഹിച്ചു. ബി.ഡി.ദേവസി എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, എ.കെ.ചന്ദ്രൻ, നഗരസഭ ചെയർപേഴസ്ണ്‍ ജയന്തി പ്രവീണ്‍കുമാർ, യു.പി.ജോസഫ്, യൂജിൻ മോറേലി, പി.കെ.ഗിരിജാവല്ലഭൻ, പി.പി.പോൾ പ്രസംഗിച്ചു.