സ്വന്തം ലേഖകൻ
തൃശൂർ: കൈയെത്തും ദൂരത്തെത്തി നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ചും അറിയാൻ സഹായിക്കുന്ന ഇലക്ഷൻ ഗൈഡ് ജില്ല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവമേഖലകളേയും സമഗ്രമായി പ്രതിപാദിക്കുന്ന ഇലക്ഷൻ ഗൈഡിന്റെ ചീഫ് എഡിറ്റർ തൃശൂർ ജില്ല കളക്ടർ ടി.വി.അനുപമയാണ്.
ജില്ല ഇൻഫർമേഷൻ ഓഫീസർ വി.ആർ.സന്തോഷാണ് എഡിറ്റർ. മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഈ കൈപ്പുസ്തകം പ്രയോജനപ്പെടുമെന്ന് ജില്ല കളക്ടർ ടി.വി.അനുപമ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലേയും കണ്ട്രോൾ റൂം ഫോണ് നന്പറുകൾ ഗൈഡിലുണ്ട്.
തൃശൂർ ജില്ലയിലുൾപ്പെടുന്ന തൃശൂർ, ആലത്തൂർ, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ കൈപ്പുസ്തകത്തിലുണ്ട്. ഓരോ മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരും പാർട്ടിയും ചിഹ്നവുമെല്ലാം ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരുടെ എണ്ണം മണ്ഡലം തിരിച്ച് ഈ മാസം നാലിന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരമുള്ളതും ഗൈഡിൽ ചേർത്തിട്ടുണ്ട്. സ്ത്രീ-പുരുഷ-മൂന്നാംലിംഗ വോട്ടർമാരുടെ കണക്കുകൾ വേർതിരിച്ച് നൽകിയിട്ടുണ്ട്.
മൂന്നു ലോക്സഭ മണ്ഡലങ്ങളുടെ രേഖാചിത്രവും ഗൈഡിൽ കാണാം.ജില്ലയിലെ പോളിംഗ് സ്റ്റേഷനുകൾ, അന്തിമ വോട്ടർ പട്ടികയും പുതിയ വോട്ടർമാരും, സ്ത്രീസൗഹൃദ-പുരുഷ ബൂത്തുകൾ, ഹൈടെക് തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ, വിവിധ ആപ്പുകൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ് നന്പറടക്കമുള്ള വിവരങ്ങൾ തുടങ്ങിയവയെല്ലാം വിശദമായി ഗൈഡിൽ പ്രത്യേക തലക്കെട്ടുകളായി നൽകിയിട്ടുണ്ട്.
വിവിപാറ്റ് അഥവാ വോട്ടർ വെരിഫിയബിൾ പേപ്പർ ഓഡിറ്റ് ട്രയലിനെക്കുറിച്ചും കൈപ്പുസ്തകത്തിൽ വിശദീകരിക്കുന്നു.മാധ്യമങ്ങൾ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും നിർദ്ദേശങ്ങളുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളെക്കുറിച്ചും പോളിംഗ് സ്റ്റേഷനുകളിലെ സംവിധാന സൗകര്യങ്ങളെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പാണെന്ന് ഓർമപ്പെടുത്തിക്കൊണ്ട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും ചേർത്തിട്ടുണ്ട്. മാതൃക പെരുമാറ്റച്ചട്ടം, അടയാളക്കുറിപ്പുകളിൽ പാലിക്കേണ്ട കാര്യങ്ങൾ എന്നിവയും ഗൈഡിലുണ്ട്.