കരുനാഗപള്ളി: നിരവധി ക്രിമിനൽ കേസിലെ പ്രതിയേയും കൂട്ടാളിയേയും മൂന്നു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. വ്യാജ നമ്പർ പ്ലെയ്റ്റ് ഘടിപ്പിച്ച ബൈക്കും ഇവരിൽ നിന്നും പിടിച്ചെടുത്തു. കരുനാഗപ്പള്ളി ബിവറേജസ് ഔട്ട് ലെറ്റിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.
ചവറ സുനാമി ഫ്ളാറ്റ്, തേവലക്കര, കോയിവിള, കോവിൽത്തോട്ടം, അരിനല്ലൂർ ഭാഗങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തുകയും പ്രദേശവാസികളെയും പെൺകുട്ടികളെയും ശല്യം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന കോയിവിള നടയിൽ പടിഞ്ഞാറ്റതിൽ ജിജോ ജോൺസൺ(21), കോയിവിള മൊട്ടയ്ക്കാവിള വീട്ടിൽ സച്ചിൻ ജാക്സൺ(21) എന്നിവരെയാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവർ ഉൾപ്പെട്ട മൂവർ സംഘത്തെപ്പറ്റി റേഞ്ച് ഇൻസ്പെക്ടർ എ.ജോസ് പ്രതാപിന് രണ്ടാഴ്ച മുമ്പ് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥി ഉൾപ്പെട്ട മൂവർ സംഘം പിടിയിലായത്. തുടർന്ന് റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള എക്സൈസ് ഷാഡോ സംഘം മൂവരെയും നിരീക്ഷിച്ചു വരികയായിരുന്നു.
പിടിയിലായ വിദ്യാർഥിയുടെ ബന്ധുവാണ് സച്ചിൻ ജാക്സൺ ഇരുവരും കഴിഞ്ഞ ആഴ്ച കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത അച്ഛനെയും മുത്തച്ഛനെയും ആക്രമിക്കുകെയും വീട്ടുപകരണങ്ങൾ നശിപ്പുക്കുകയും ചെയ്തതായും ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അരിനല്ലൂർ മഞ്ഞിപ്പുഴമുക്ക്, ബോട്ട്ജെട്ടി, അരിനല്ലൂർ പള്ളി, കോയിവിള പള്ളി, ചവറ സുനാമി ഫ്ളാറ്റ് എന്നിവിടങ്ങളിലെ പ്രദേശവാസികൾക്കും പെൺകുട്ടികൾക്കും നിരന്തരം ശല്യവും ഭീഷണിയുമായിരുന്നു. പിടിയിലായവരുടെ മൊബൈലിൽ നൂറിലധികം കാളുകൾ ആണ് ഈ പ്രദേശങ്ങളിൽ നിന്നും കഞ്ചാവ് ആവശ്യപ്പെട്ടുകോണ്ട് വന്നത്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി സൂക്ഷിക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വിശദമായ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. തേവലക്കര പട്ടകടവിലുള്ള ഐടിഐയിലും കഞ്ചാവ് കച്ചവടത്തിനു ഇവർക്ക് ഏജന്റ് ഉള്ളതായി മൂവരും വെളിപ്പെടുത്തി.എക്സൈസ് സംഘത്തിൽ റേഞ്ച് ഇൻസ്പെക്ടർ എ.ജോസ്പ്രതാപിനൊപ്പം പ്രിവന്റീവ് ഓഫീസർ എം.സുരേഷ് കുമാർ, ഷാഡോ ഉദ്യോഗസ്ഥരായ വിജു,ശ്യാംകുമാർ,അരുൺ ആന്റണി,സജീവ്കുമാർ, ജിനുതങ്കച്ചൻ,ദിലീപ്കുമാർ, അഭിലാഷ്, ഡബ്ല്യുസിഇഒ ശ്രീമോൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ജിജോ ജോൺസൺ, സച്ചിൻ ജാക്സൺ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വിദ്യാർഥിയെ ചാത്തന്നൂരിലുള്ള ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.