സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിലേക്കടുക്കവേ വീണ്ടും ശ്രദ്ധാകേന്ദ്രമായി കോഴിക്കോട്. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിഎം.കെ. രാഘവന് എതിരായ ഒളികാമറ വിവാദത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്തെരഞ്ഞെടുപ്പിന് മുന്‍പ് കൈമാറുമോ എന്നാണ് രാഷ്ട്രിയകേരളം ഉറ്റുനോക്കുന്നത്.
കേരളം ബൂത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ രാഘവനെതിരേ കേസെടുത്താല്‍ അത് എതു രീതിയില്‍ ബാധിക്കുമെന്ന ആശങ്ക സിപിഎമ്മിനും യുഡിഎഫിനും ഉണ്ട്. രാഷ്ട്രീയ പ്രേരിതമായി കേസ് എടുക്കുന്നുവെന്ന് യുഡിഎഫ് വാദിക്കും.
അതേസമയം രാഘവനെതിരായ അഴിമതി ആരോപണം ശരിയായിരുന്നുവെന്ന വാദവുമായി സിപിഎമ്മും രംഗത്തെത്തും. ഫലത്തില്‍ പോളിംഗ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ രാഘവനെതിരേകേസെടുക്കാന് പോലീസ് തയ്യാറാകൂമോ എന്ന ചോദ്യമാണ് ഉയരുന്നത്. അത് ബൂമറങ്ങാവുമോ എന്ന പേടിയും സിപിഎമ്മിനുണ്ട്. അതേസമയം രാഘവന്റെ ഹാട്രിക് വിജയത്തെ തടയാന്‍ വിവാദങ്ങള്ക്കാവില്ലെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് വിഷയത്തില്ഡിജിപി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയത്. ഇതിനിടെ തനിക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എം.കെ. രാഘവനും രംഗത്തെത്തിയിരുന്നു. ഒളികാമറ വിവാദത്തില്‍ സമയമാകുമ്പോള്‍ കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒളികാമറ ഓപ്പറേഷന് റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. അതേസമയം വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടതു-വലതുമുന്നണികള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.
മൂന്നാമതും ലോക്സഭയില്‍ എം.കെ.രാഘവന് എത്തുമെന്നുതന്നെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ എ. പ്രദീപ് കുമാര്‍ വിജയിച്ചുകയറുമെന്ന് ഇടതുമുന്നണി പ്രവര്‍ത്തകരും പറയുന്നു. രണ്ട് ജന പ്രിയര്‍ തമ്മിലുള്ള പേരാട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങളായിരുന്നു തുടക്കത്തില്‍ സജീവചര്‍ച്ചയായത്. ഇതിനിടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. ഇതോടെ സിപിഎം ജില്ലാഘടകവും ഡിസിസിയും നേരിട്ട് ഏറ്റുമുട്ടലിന്റെ പാതയില്‍ എത്തി. ഗൂഘാലോചനയ്ക്കുപിന്നില് സിപിഎമ്മാണെന്നായിരുന്നു യുഡിഎഫ് വാദം.
എന്തായാലും പ്രചാരണരംഗത്ത് എ. പ്രദീപ് കുമാറും എം.കെ.രാഘവനും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്ന് പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു. അതേസമയം മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ്ബാബു.അവസാനലാപ്പില്‍ പ്രചാരണരംഗത്ത് ഏറെ മുന്നേറാന്കഴിഞ്ഞതായി അദ്ദേഹം പറയുന്നു.