ഏലൂർ: മൂന്നുവയസുകാരനെ ക്രൂരമായി മർദിച്ചത് ഗ്യാസ്അടുപ്പിലെ റെഗുലേറ്റർ നോബ് കൂട്ടുകയും കുറയ്ക്കുകയും ചെയ്തതിനെന്ന് അമ്മ ജാർഖണ്ഡ് സ്വദേശിനി ഹെന (28)യുടെ മൊഴി. മാത്രമല്ല, വൈദ്യുതി പ്ലഗ്ഗുകളിൽ കമ്പും വിരലുകളും ഇടുന്ന രീതിയും തന്നെ ദേഷ്യം പിടിപ്പിച്ചിരുന്നതായും അമ്മ പോലീസിനോടു വെളിപ്പെടുത്തി. പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടും ശീലം ആവർത്തിച്ചപ്പോഴാണ് പ്രകോപിതയായി ചപ്പാത്തി വടിക്ക് തലയ്ക്ക് അടിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതേ സമയം, മാതാപിതാക്കളുടെ സ്വദേശത്തെക്കുറിച്ചും ആശയക്കുഴപ്പമുണ്ട്. ജാർഖണ്ഡ് സ്വദേശിയായ പിതാവിന് ബംഗാൾ സർക്കാരിന്റെ ആധാർകാർഡാണ് ഉള്ളത്. ഇവരുടെ കൈയിൽ ഒന്നിലേറെ തിരിച്ചറിയൽ രേഖകൾ ഉള്ളതായും സൂചനയുണ്ട്. അന്വേഷണ സംഘം ഇരു സംസ്ഥാനത്തേക്കും തുടരന്വേഷണത്തിന് പോയിട്ടുണ്ട്. ഹെന തന്നെയാണോ കുട്ടിയുടെ മാതാവ് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തും. ഇതിനായി കുട്ടിയുടെയും അമ്മയുടെയും രക്തസാന്പിളുകൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 8.45 ന് മരിച്ച കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കബറടക്കം ഏലൂർ പാലയ്ക്കാമുകൾ ജുമാ മസ്ജിദിൽ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ബന്ധുക്കൾ ആവശ്യപ്പെട്ടാൽ മാത്രമേ എന്തെങ്കിലും മാറ്റമുണ്ടാകൂ. ജയിലിലുള്ള അമ്മയ്ക്ക് കുട്ടിയുടെ മൃതദേഹം കാണാൻ അനുവദിക്കണമെന്ന അപേക്ഷ എറണാകുളം സിജെഎം കോടതിയിൽ പോലീസ് നൽകിയിട്ടുണ്ട്.
കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിൽ രാജഗിരി ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.45 നാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. മൂന്നു മണിക്കൂറോളം നീണ്ട അടിയന്തിര ശസ്ത്രക്രിയ നടത്തി രക്തസ്രാവം നിയന്ത്രിക്കുകയും കട്ടയായി കിടന്നിരുന്ന രക്തം മാറ്റുകയും ചെയ്തെങ്കിലും പൂർവ്വസ്ഥിതിയിലേക്ക് തലച്ചോറിന്റെ പ്രവർത്തനം വരാതിരുന്നതാണ് മരണകാരണമായത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടത്തിയത്.സാമൂഹ്യക്ഷേമ വകുപ്പ് കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെയും ചികിത്സയ്ക്കായി സർക്കാർ നിയോഗിച്ചിരുന്നു. അതിനൊന്നും കാത്തു നിൽക്കാതെയാണ് ആ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
കൊച്ചി മെട്രോയുടെ ഏലൂരിലെ യാർഡിൽ ക്രെയിൻ ഡ്രൈവറായി ജോലി ചെയ്യുന്ന ജാർഖണ്ഡ് സ്വദേശി ഷാജിത് ഖാന്റെയും ഹെന്നയുടെയും മകനാണ് മരണമടഞ്ഞത്. ഇയാൾ ഒരു വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ഈ മാസമാണ് ദമ്പതികൾ കുട്ടിയുമായി ഏലൂരിലെ മെട്രോ കാസ്റ്റിങ് യാഡിനു സമീപം വാടകവീട്ടിലെത്തിയത്.
കുട്ടിമരിച്ചതോടെ അമ്മയ്ക്ക് എതിരെ കൊലപാതക്കുറ്റം ചുമത്തി. കുട്ടിയുടെ തലയുടെ വലതുഭാഗത്ത് മുറിവേറ്റത് അമ്മ ചപ്പാത്തി പരത്തുന്ന വടി വച്ച് അടിച്ചതിനെ തുടർന്നാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്. അനുസരണക്കേട് കാണിച്ചതാണ് കാരണമെന്നാണ് മൊഴി. ഇത് കൂടാതെ ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ട്. മാത്രമല്ല പിൻഭാഗത്ത് പൊള്ളലുമുണ്ട്.
ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകളും അമ്മയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.ബോധപൂർവം പരുക്കേൽപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപിക്കൽ എന്നീ വകുപ്പുകളാണ് ആദ്യം ചേർത്തിരിക്കുന്നത്. ഏലൂരിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം വ്യാഴാഴ്ച ഹെനയെ റിമാൻഡ് ചെയ്തിതിരുന്നു. കുട്ടിയുടെ അച്ഛനിൽ നിന്ന് പോലീസ് കൂടുതൽവിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ്. ഇയാളിപ്പോൾ നിരീക്ഷണത്തിലാണ്.
കുട്ടിയുടെ മൃതദേഹം കണ്ട പിതാവ് ബോധം കെട്ടുവീണു
ആലുവ: മാതാവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ട പിതാവ് ഷാജിത് ഖാൻ രാജഗിരി ആശുപത്രിയിൽ തലകറങ്ങി വീണു. അബോധാവസ്ഥയിലായതിനെ തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് പിന്നീട് ഡിസ്ചാർജ് ചെയ്തത്.
പോലീസാണ് പിതാവിനെ ആശുപത്രിയിലെത്തിച്ച് മകന്റെ മൃതദേഹം കാണിച്ചത്. കണ്ടയുടനെ
പെട്ടെന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ന് കളമശേരി മെഡിക്കൽ കോളജിൽ കൊണ്ടുവന്ന മൃതദേഹം കോളജ് അസിസ്റ്റന്റ് സർജൻ മോഹനന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുട്ടിയുടെ ഡിഎൻഎ പരിശോധനകളും മറ്റും ശേഖരിക്കുന്നുണ്ട്. ജയിലിൽ കഴിയുന്ന മാതാവിനെ മൃതദ്ദേഹം കാണിച്ചിട്ടില്ല. നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ സംസ്കാരത്തിന് താമസമുണ്ടാകുമെന്നാണ് കരുതുന്നത്.