കോഴിക്കോട്: നാടിന് ഒരേ സമയം വേദനയും അപമാനവും സമ്മാനിക്കുകയാണ് പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ തുടരെത്തുടരെ നടക്കുന്ന ആക്രമണങ്ങള്‍. തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തിനിരയായി ഏഴു വയസ്സുകാരനും ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിനിരയായി മൂന്നു വയസ്സുകാരനും കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പ് കോഴിക്കോടു നിന്ന് സമാനമായ വാര്‍ത്ത വന്നിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം അന്യസംസ്ഥാനക്കാരിയായ മാതാവ് കടന്നുകളഞ്ഞിരിക്കുകയാണ്.
അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീട്ടിനുള്ളില്‍ പൂട്ടിയിട്ടാണ് അമ്മ മുങ്ങിയത്. ഭക്ഷണമോ വെള്ളമോ പോലുമില്ലാത്ത വീട്ടില്‍ ഭയന്നു വിറച്ച് കുട്ടികള്‍ കഴിഞ്ഞത് ഒരു ദിവസം. അയല്‍വാസി കരച്ചില് കേള്‍ക്കാനിടയായതാണ് കുഞ്ഞുങ്ങള്‍ക്ക് രക്ഷയായത്. വ്യാഴാഴ്ച അര്‍ധരാത്രി കുഞ്ഞുങ്ങളുടെ കരച്ചില് കേട്ട ഇയാള്‍ വിവരം നാട്ടിലെ പ്രമുഖരെ അറിയിക്കുകയും ഇവര്‍ പിന്നീട് പോലീസിനെ അറിയിക്കുകയും ചെയ്തു.കോഴിക്കോട് രാമനാട്ടുകര നിസരി ജംഗ്ഷനിലാണ് സംഭവം.
കര്‍ണാടക സ്വദേശിനിയായ യുവതി, തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞ ആറുമാസമായി രാമനാട്ടുകരയിലെ വാടക വീട്ടില്‍ കഴിയുന്നത്. ഇവരുടെ ഭര്‍ത്താവ് ഒരാഴ്ച മുമ്പ് വീട് വിട്ടിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ കുട്ടികളെ വീട്ടിനകത്താക്കി വീട് പൂട്ടി മാതാവും പോകുകയായിരുന്നു. മാതാവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടികള്‍ കരഞ്ഞു.തട്ടുകട കച്ചവടക്കാരനായ അയല്ക്കാരന് കച്ചവടം കഴിഞ്ഞെത്തുമ്പോള്‍ കുട്ടികളുടെ കരച്ചില് കേള്‍ക്കാന്‍ ഇടയാകുകയും വിവരം സമീപവാസിയായ രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഹസ്സന് മാനുവിനെ അറിയിക്കുകയുമായിരുന്നു.
ഇദ്ദേഹം ഉടന്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയും ഫറോക്ക് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. കുട്ടികളെ കോഴിക്കോട് കോടതിക്ക് സമീപമുള്ള ശിശു സംരക്ഷണകേന്ദ്രമായ സെന്റ് വിന്‍സന്റ് ഹോമില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ വീട്ടിനകത്ത് പൂട്ടിയിട്ടിട്ടു പോയതിന് രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.