തെരഞ്ഞെടുപ്പുത്സവം കൊടിയേറിയശേഷം കാര്യങ്ങൾ പൊടിപൊടിക്കുന്നുണ്ട്. തന്ത്രി സുനിലര് അറോറര് ആണ് കൊടിയേറ്റിയത്. ഇത് മണ്ഡലക്കാലം. സ്ഥാനാർഥികൾ അവരവരുടെ മണ്ഡലങ്ങളിൽ ഉണ്ടാകുന്ന കാലമാണ് മണ്ഡലക്കാലം. അഞ്ചുവർഷം കൂടുന്പോഴാണ് ഇതു വരിക. മണ്ഡലവാസികളെ പ്രീതിപ്പെടുത്തി ഓട്ടു റാഞ്ചാൻ കക്ഷിഭേദമെന്യെ സ്ഥാനാർഥികൾ മണ്ഡലഭജനം നടത്തുന്ന കാഴ്ച അപൂർവങ്ങളിൽ അപൂർവമാണ്. നീലക്കുറിഞ്ഞി പൂക്കുന്ന കാഴ്ചപോലും ഇത്ര അപൂർവമല്ല.
മണ്ഡലഭജനം നടത്തുന്നവർ സാത്വികാഹാരം കഴിക്കണം. മാന്യമായി പെരുമാറണം. തത്വദീക്ഷയുള്ളവരാണ് തങ്ങളെന്നു കാണിക്കാൻ താടി വളർത്താം. ഫലപ്രഖ്യാപനം വരെയേ ഇതുവേണ്ടൂ. പിന്നെ തത്വദീക്ഷ തരംപോലെ ഉപേക്ഷിക്കാം. കൊടുംചൂടായതിനാൽ ധാരാളം വെള്ളം കുടിക്കണം. വെള്ളംകുടിപ്പിക്കരുത്. അതു ഫലപ്രഖ്യാപനത്തിനുശേഷം ആകാമല്ലോ. വീടുകളിലെ അടുക്കളയിൽ ഓടിക്കയറി പഴങ്കഞ്ഞി എടുത്തു കുടിക്കുക, ചെറിയ കുട്ടികളെ ലാളിക്കുക, പേരിടുക, പ്രമുഖരുടെ അനുഗ്രഹം തേടിനടക്കുക, ഫുട്ബോളു കളിക്കുക എന്നിങ്ങനെ മണ്ഡലഭജനത്തിന് നാനാമുഖങ്ങൾ ഉണ്ട്.
അഭിനയം നാലുവിധമുണ്ടെന്ന് നാട്യശാസ്ത്രികൾ പറയുന്നു. ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിവയാണ് ഡ്രാമശാസ്ത്രികളുടെ അഭിപ്രായത്തിൽ ചതുർവിധാഭിനയങ്ങൾ. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇവ നാലും കാണാം. മുദ്രാവാക്യം വിളിയാണ് വാചികാഭിനയം. വിളിക്കുന്പോൾ കൈചുരുട്ടി ആകാശത്തേക്ക് എറിയുന്നത് ആംഗികാഭിനയം. മുഷ്ടി എന്ന മുദ്രയാണ് ഇവിടെ ഉപയോഗിക്കുന്നത്. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുക. മർക്കടമുഷ്ടി എന്ന മുദ്ര ചില കക്ഷികളുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്.
ഇവിടെ കഥകളിയുമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന് സാദൃശ്യം കാണാം. മുദ്രാവാക്യം പ്രചാരണത്തിലും കഥകളിയിലുമുണ്ട്. കഥകളിയിൽ മുദ്ര മുന്പിലും വാക്യം പിന്നിലുമാണ്. മുദ്രാവാക്യം വിളിയിൽ മുദ്രയും വാക്യവും മുന്പിലാണ്. വിളിക്കുന്നവർതന്നെയാണ് ആംഗ്യം കാണിക്കുന്നത്.
ആഹാര്യാഭിനയം എന്നുവച്ചാൽ വേഷംകെട്ടലാണ്. തേപ്പും കോപ്പും ചേർന്നതാണ് ആഹാര്യം. സ്ഥാനാർഥികളുടെ മുഖത്തു തേക്കുന്നതുമുതൽ ചുവരെഴുത്തിന് മതിലു തേച്ചുമിനുക്കുന്നതുവരെ തേപ്പിൽ ഉൾപ്പെടും. കോപ്പ് എന്നത് കൊടികൾ, തോരണങ്ങൾ, ആയുധങ്ങൾ ഇവയൊക്കെ ചേർന്നതാണ്. അണികൾ സ്ഥാനാർഥിയുടെ മുഖംമൂടി അഥവാ മാസ്ക് അണിഞ്ഞു വിലസുന്നതും കാണാം.
സാത്വികാഭിനയം എന്നത് മുഖത്തെ ഭാവപ്രകാശമാണ്. അഭിനയിക്കുന്പോൾ കഥാപാത്രത്തിന്റെ മനസിലുള്ള വികാരം മുഖത്തു പ്രകടിപ്പിക്കണം. ഇതിനു നല്ല അഭ്യാസബലം വേണം. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ മനസ്സിലുള്ളത് മുഖത്തു പ്രകടിപ്പിക്കരുത്. മനസ്സിൽ ഇല്ലാത്തതാണ് പ്രകടിപ്പിക്കേണ്ടത്. ഇതിനു വളരെ ബുദ്ധിമുട്ടുണ്ട്. ചുരുക്കത്തിൽ അഭിനയം പ്രകടനമാണ്. കൊടിയില്ലാത്ത പ്രകടനം. കൊടിയും വടിയും ഇടിയും വെടിയുമുള്ള അഭിനയമാണ് തെരഞ്ഞെടുപ്പു പ്രചാരണം.
ഏറ്റവും വലിയ ഓളമാണ് കന്പോളം. ഈ ഓളത്തിൽനിന്നാണ് തെരഞ്ഞെടുപ്പ് ഉദ്ഭവിച്ചത് എന്നൊരു കഥയുണ്ട്. കന്പോളത്തിൽ വില്പനയ്ക്കു വച്ചിരിക്കുന്ന ചരക്കുകളിൽനിന്ന് നല്ലതു തെരഞ്ഞെടുത്തു വാങ്ങുക എന്ന പ്രക്രിയയിൽനിന്നാണ്രതേ തെരഞ്ഞെടുക്കൽ എന്ന ആശയം വരുന്നത്.
ഇന്നത്തെ കേരളം കന്പോളമയമാണല്ലോ. ചേരമാൻ പെരുമാൾ, കുലശേഖരപ്പെരുമാൾ മുതലായ പെരുമാളുമാരാണ് പണ്ടു കേരളം വാണിരുന്നത്. ഇന്നും പെരുമാളുകളാണ് വാഴുന്നത്. പെരിയ മാളുകൾ പെരുമാളുകൾ. എത്ര ഷോപ്പിംഗ് മാളുകളാണ് കേരളത്തിൽ. ചെറിയ ഷോപ്പിംഗ് മാളുകളെ കുട്ടിമാൾ എന്നോ മാളുട്ടി എന്നോ വിളിക്കുന്നു. വലിയ ഷോപ്പിംഗ് മാളുകളെ മാളോരേ എന്നാണ് വിളിക്കുന്നത്. ഈ മാളുകളിൽനിന്ന് സാധനങ്ങൾ തെരഞ്ഞെടുക്കുന്പോൾ കാണിക്കുന്ന നിഷ്കർഷ വോട്ടെടുപ്പിലും കാണിക്കണം.
തെരഞ്ഞെടുപ്പു കഴിഞ്ഞാലും കച്ചവടം നടക്കാൻ സാധ്യത പ്രശ്നവശാൽ കാണുന്നുണ്ട്. തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം പൊടിപാറുന്ന കച്ചവടമാണ് കുതിരക്കച്ചവടം. ചാക്കിലാക്കൽ, ചാക്കിട്ടുപിടുത്തം, മറുകണ്ടം ചാടൽ, ചാക്കുകണക്കിനു പണംവാങ്ങി റിസോർട്ടുകളിൽ അജ്ഞാതവാസം- ഇതൊക്കെ കുതിരക്കച്ചവടത്തിൽ കാണാം. കച്ചവടവും തെരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധം അന്പേ തള്ളിക്കളയാനാവില്ലതന്നെ.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ജനങ്ങളുടെ പ്രാണപ്രതിഷ്ഠ നടത്തുന്ന പവിത്ര ചടങ്ങാണ് തെരഞ്ഞെടുപ്പ്. ജനങ്ങളുടെ പ്രാണനെയാണ് പ്രതിഷ്ഠിക്കുന്നത്. ചടങ്ങിൽ എല്ലാവരും പൂർണമനസ്സോടെ പങ്കെടുക്കണം. മറക്കരുത്, പെഴയ്ക്കരുത്. പെഴച്ചാൽ ശ്രീകോവിലിൽ കലശലുകൂട്ടലും ലഹളയുമാകും സംഭവിക്കുക. അതരുത്. മനസ്സിരുത്തണം.
ആർത്തീ ആർത്തീ സ്ഥാനാർത്തീ
ഓട്ടിനു നോട്ടു കൊടുക്കല്ലേ
ഓട്ടിനു നോട്ടു കൊടുത്തീടിൽ
ചട്ടം വട്ടം ചുറ്റിക്കും.