കോട്ടയം: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ അന്പല മോഷണവും ലോറി മോഷണവും കൊലപാതകവും കോട്ടയം വെസ്റ്റ് പോലീസിനെ വട്ടംചുറ്റിക്കുന്നു.കഴിഞ്ഞ 16നാണ് കോടിമതയിൽ പാർക്ക് ചെയ്തിരുന്ന ലോറി മോഷണം പോയത്. തൃശൂർ, കുമളി തുടങ്ങി പുറത്തേക്കുള്ള ടോൾ ഗേറ്റു വഴി ലോറി കടന്നു പോയോ എന്നറിയുന്നതിന് അന്വേഷണം നടത്തി വരികയാണ് പോലീസ്.
ഇതുവരെ ലോറിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് വ്യാഴാഴ്ച ഐഡ ജംഗ്ഷനിലെ കെട്ടിടത്തിലെ നാലാം നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൊലപാതകിയും കണ്ണെത്താ ദൂരത്താണ്. കൊലപാതക വിവരം അറിഞ്ഞ് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ്.
തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് കവർച്ച നടത്തിയെന്ന വിവരം ലഭിച്ചത്. ഭഗവതി നടയിലെയും നവഗ്രഹ നടയിലെയും കാണിക്കവഞ്ചികളാണ് തകർത്ത് മോഷണം നടത്തിയത്. സംഭവമറിഞ്ഞ് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടയിൽ നടന്ന മോഷണവും കൊലപാതകവും തെളിയിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് വെസ്റ്റ് പോലീസ്. മൂന്നു കേസുകളിലും ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണം എവിടെയത്തിയെന്നുള്ള വിളി കാരണം പോലീസിന് ഇരിക്കപ്പൊറുതിയില്ലാതായി.