തിരുവനന്തപുരം ടി.പി സെന്‍കുമാറിന്റെ പുസ്തകം കണ്ടിട്ടില്ലെന്ന് ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയനായ മുൻ ശാസ്ത്രജ്ഞൻ നന്പിനാരായണൻ. തന്നെക്കുറിച്ച് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമെ അറിയാവു.
പുസ്തകം വായിക്കാതെ ഇതേക്കുറിച്ച് പഠിക്കാതെ പ്രതികരിക്കാനില്ല. പുസ്തകം ലഭിക്കുന്നതിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിൽ നന്പി നാരായണൻ കുറ്റക്കാരനാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ എന്റെ പോലീസ് ജീവിതം എന്ന സർവീസ് സ്റ്റോറിയിൽ പരാമർശിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു നന്പി നാരായണൻ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നന്പി നാരായണൻ നിരപരാധിയാണെന്നും നന്പി നാരായണനെന്ന ശാസ്ത്രജ്ഞനെ ഇല്ലാതാക്കിയത് കോൺഗ്രസാണെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ടി.പി സെൻകുമാറിന്റെ സർവീസ് സ്റ്റോറി പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ പരാമർശങ്ങളെ ഖണ്ഡിക്കുന്ന വാദങ്ങളാണ് പുസ്തകത്തിലുള്ളത്.
പീഡിപ്പിക്കപ്പെട്ടയാളുടെ പരിവേഷം അണിഞ്ഞയാളാണ് നന്പി നാരായണനെന്നും മറിയം റഷീദയുമായി നന്പി നാരായണനുള്ള ബന്ധമെന്തെന്ന് വെളിപ്പെടുത്തണമെന്നും പുസ്തകത്തിൽ സെൻ കുമാർ ആവശ്യപ്പെടുന്നു. സത്യത്തെ എക്കാലവും മൂടി വയ്ക്കാൻ കഴിയില്ലെന്നും ഒരുകാലത്ത് സത്യം പുറത്തുവരുമെന്നും പുസ്തകത്തിൽ പറയുന്നു.