ശൂരനാട്:കോർപ്പറേറ്റുകൾ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ ബി ജെ പിയ്ക്കും, കോൺഗ്രസിനും ആർജവമില്ലെന്ന് സി പി ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം എൽ എ പറഞ്ഞു.പോരുവഴി കിഴക്ക് മേഖലാതിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊതുയോഗം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതിയതയും, വർഗ്ഗീയതയും വളർന്നാൽ രാജ്യം ഇല്ലാതാകും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ തെറ്റുകൊണ്ട് നമ്മുടെ രാജ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അസഹിഷ്ണുത കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ടവന്റെ വിഷമങ്ങൾ മനസിലാക്കാൻ കഴിയാത്ത സർക്കാരാണ് ബി ജെ പി സർക്കാർ. നീരവ് മോദിയ്ക്ക് കോടിക്കണക്കിന് രൂപാ കിട്ടുന്നതിനും,
വിജയ് മല്യയ്ക്ക് കോടികളുമയി നാടുവിടുന്നതിനും മോഡി വഴിയൊരുക്കുമ്പോൾ പാവപ്പെട്ട ആയിരക്കണക്കിന് കർഷകർ ഇവിടെ ആത്മഹത്യ ചെയ്യുന്നത് കാണുന്നില്ലെന്നും മുല്ലക്കര ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ബി ബിനീഷ് അധ്യക്ഷനായിരുന്നു.
ജിഷാകുമാരി ,കെ ശിവശങ്കരൻ നായർ ,പ്രൊഫ എസ് അജയൻ, കെ കുഞ്ഞുമോൻ, സദാശിവൻ, എസ് ശിവൻപിള്ള എന്നിവർ പ്രസംഗിച്ചു. കുന്നുവിളജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ സ്ത്രീകൾ അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.