ടൂറിന്: ടൂറിനില്‍ യുവന്റസിന്റെ ഇരട്ട ആഘോഷം അരങ്ങേറി. ഇറ്റാലിയന്‍ സീരി എ ഫുട്ബോളിലെ പുരുഷ, വനിതാ കിരീടങ്ങള്‍ ഒരേ ദിനം യുവന്റസിന്റെ ടീമുകള്‍ നേടി. ആദ്യം വനിതാ ടീം വെറോണയെ 3-0ന് തോല്പിച്ച് കിരീടം നിലനിര്‍ത്തി. പിന്നാലെ പുരുഷ ടീം തുടര്‍ച്ചയായ എട്ടാം കിരീടത്തിലും മുത്തമിട്ടു. സീനിയര്‍ ലീഗില്‍ കഴിഞ്ഞ സീസണ് മുതലാണ് യുവന്റസിന്റെ വനിതകള്‍ കളിച്ചു തുടങ്ങിയത്.
യുവന്റസിനൊപ്പം ആദ്യ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സീരി എയില്‍ മുത്തമിടാനായി. ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ്, സ്പെയിനില്‍ ലാ ലിഗ, ഇറ്റലിയില്‍ സീരി എ ലീഗുകളില്‍ കിരീടം നേടുന്ന ആദ്യത്തെ കളിക്കാരനുമായി റൊണാള്‍ഡോ.
ലീഗിലെ 33-ാം മത്സരത്തില്‍ യുവന്റസ് 2-1ന് ഫിയൊറെന്റീനയെ തോല്‍പ്പിച്ച് തുടര്‍ച്ചയായ എട്ടാം കിരീടത്തില്‍ മുത്തമിട്ടു. 33 കളിയില്‍ യുവന്റസിന് 87 പോയിന്റും രണ്ടാമതുള്ള നാപ്പോളിക്ക് 67 പോയിന്റുമാണ്. പിന്നില്‍നിന്നശേഷമാണ് യുവന്റസിന്റെ തിരിച്ചുവരവ്.
യുവന്റസിന്റെ 35-ാമത്തെ സീരി എ കിരീടമാണ്. യൂറോപ്പിലെ ആദ്യ പ്രധാന ലീഗുകളില്‍ തുടര്‍ച്ചയായി എട്ട് തവണ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ടീമാണ് യുവന്റസ്.