അന്പലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ അന്പലപ്പുഴയിൽ ഉണ്ടായ സംഘർഷത്തിൽ 200 പേർക്കെതിരെ കേസെടുത്തു. നാലു കേസുകളാണ് അന്പലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്തത്. അന്പലപ്പുഴ കച്ചേരി മുക്കിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ ഉണ്ടായ സംഘർഷത്തിൽ എസ്ഐ ഉൾപ്പടെ 25 ഓളം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തെ തുടർന്നുണ്ടായ കല്ലേറിലാണ് ഇവർക്കു പരിക്കേറ്റത്.
എസ്ഐ ജോണിയെ മർദിച്ചതിനും, ബിജെപി, സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനും, പോലീസിനെ കല്ലെറിഞ്ഞതിന് ഇരുപാർട്ടി പ്രവർത്തകർക്കെതിരെയും, എസ്യുസിഐയുടെ പ്രചരണ വാഹനം തല്ലിതകർത്തതിന് ബിജെപി പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. കൊട്ടിക്കലാശത്തിനിടെ ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തുടർന്ന് ഇരുവിഭാഗവും തമ്മിൽ നടന്ന കല്ലേറ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സിപിഐ ഓഫീസിനു നേരെയും ഭൈരവ സ്വാമി ക്ഷേത്രത്തിനു നേരെയും കല്ലേറുണ്ടായി. സംഘർഷത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ വാഹനഗതാഗതവും തടസപ്പെട്ടിരുന്നു. ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. പോലീസ് റൂട്ട് മാർച്ചും നടത്തിയിരുന്നു.
കായംകുളത്ത് നൂറു പേർക്കെതിരേ കേസ്
കായംകുളം: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കായംകുളത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പോലീസ്കേസെടുത്തു. ഇവരിൽ പലരെയും തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. ഇതേതുടർന്ന് കായംകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് കേന്ദ്രത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.
കായംകുളം താലൂക്കാശുപത്രിയുടെ കിഴക്കുഭാഗത്ത് കൊട്ടിക്കലാശം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കുന്പോഴാണ് ബിജെപി കോണ്ഗ്രസ് പ്രവർത്തകർ തമ്മിൽ കല്ലേറും സംഘർഷവും രൂക്ഷമായത്. ഒടുവിൽ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പോലീസ് ലാത്തിവീശിയതോടെയാണ് രംഗം ശാന്തമായത്. കല്ലേറിൽ അഞ്ച് പോലീസുകാർക്കും പരിക്കേറ്റിരുന്നു.
കൂടാതെ നഗരസഭ യു.ഡി.എഫ്.പാർലമെൻററി പാർട്ടി നേതാവ് ഉൾപ്പടെ ആറ് കോണ്ഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. രണ്ടു പോലീസ് വാഹനത്തിന് നേരെയും കല്ലേറുണ്ടായി. നഗരസഭ യു.ഡി.എഫ്.പാർലമെന്ററി പാർട്ടി ലീഡർ യു. മുഹമ്മദ്, യുഡിഎഫ് പ്രവർത്തകരായ മുൻ നഗരസഭ കൗണ്സിലർ ദിവാകരൻ, (63) ചേരാവള്ളി തോപ്പിൽ തറയിൽ അൻസാരി, (30) കായംകുളം കോട്ടേൽ താജുദ്ദീൻ (50) എരുവ വാളക്കോട്ട് മുഹമ്മദ് റാഫി (29) കൊറ്റുകുളങ്ങര ഷഫീക്ക് എന്നിവർക്കും, പോലീസുദ്യോഗസ്ഥരായ സുനിൽ, ഷാജഹാൻ, പ്രസാദ് ,മനോജ്, ഷിഹാബ് എന്നിവർക്കുമാണ് കല്ലേറിൽ പരിക്കേറ്റത്.
പോലീസ് ഇരുകൂട്ടരെയും പിരിച്ചുവിടാൻ ലാത്തി വീശുകയായിരുന്നു. പിന്നീട് കേന്ദ്രസേനയും ലാത്തിവീശി രംഗത്തെത്തിയതോടെ സംഘർഷത്തിന് അയവു വന്നു. പിന്നീട് നേതാക്കൾ ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. പോലീസ് വാഹനങ്ങൾക്കുനേരെയുണ്ടായ കല്ലേറിൽ രണ്ട് വാഹനത്തിന്റെ മുൻ ഭാഗത്തെ ഗ്ലാസ് തകർന്നു.
അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വോട്ടെടുപ്പ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.