പത്തനംതിട്ട: പരസ്യ പ്രചാരണത്തിനു തിരശീല വീഴുന്പോൾ പത്തനംതിട്ട മണ്ഡലത്തിലെ പ്രമുഖ മൂന്നു സ്ഥാനാർഥികളും ശുഭപ്രതീക്ഷയിലാണ്. വിജയം തങ്ങളുടെ പക്ഷത്തുതന്നെയെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു. പ്രചാരണമേഖലയിലെ മുൻതൂക്കം അവകാശപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥികൾ വിജയം അവകാശപ്പെടുന്നത്.
ആന്റോ ആന്റണി
പത്തനംതിട്ട മണ്ഡലം നിലനിർത്തുമെന്നും ഭൂരിപക്ഷം വർധിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. കേരള സർക്കാരിന്റെ ഭരണ വൈകല്യങ്ങളും വിലയിരുത്തപ്പെടും. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാനും നാട്ടിൽ സമാധാനാന്തരീക്ഷം പുലരാനും യുഡിഎഫ് വിജയിക്കണമെന്ന് വോട്ടർമാർ മനസിലാക്കിയിരിക്കുന്നു. പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനായിരിക്കും ലീഡെന്നും ആന്റോ പറഞ്ഞു.
വീണാ ജോർജ്
പത്തനംതിട്ട മണ്ഡലത്തിൽ ഇക്കുറി എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ്. എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും ചേർന്നു നടത്തിയിട്ടുള്ള എല്ലാ നുണപ്രചാരണങ്ങളും ജനം തള്ളിക്കളയും. നാടിന്റെ വികസനവും മതേതരത്വ സംരക്ഷണവുമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയം. എൽഡിഎഫ് നയങ്ങളെ വോട്ടർമാർ പിന്തുണയ്ക്കുമെന്നും വീണാ ജോർജ് അഭിപ്രായപ്പെട്ടു.
കെ. സുരേന്ദ്രൻ
വന്പിച്ച ഭൂരിപക്ഷത്തോടെ പത്തനംതിട്ടയിൽ അട്ടിമറി വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ. വിശ്വാസികളായ എല്ലാവരും എൻഡിഎയ്ക്കൊപ്പമാണ്. പത്തനംതിട്ട മണ്ഡലത്തിൽ പ്രചാരണ രംഗത്ത് എൻഡിഎ നേടിയിട്ടുള്ള മുൻതൂക്കം വോട്ടായി മാറുമെന്നതിലും സുരേന്ദ്രനു സംശയമില്ല. രാജ്യത്തും സംസ്ഥാനത്തും ബിജെപിക്കു വർധിച്ചുവരുന്ന ജനപിന്തുണ പത്തനംതിട്ടയിൽ വൻ നേട്ടത്തിനു കാരണമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.