പ്രിയങ്കാ ഗാന്ധിയോടൊപ്പം കേരളത്തില്‍ യുഡിഎഫ് പ്രചരണത്തിനെത്തിയ മക്കള്‍, റെയ്ഹാനും മിറായയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിലെത്തിയ അവര്‍ തേടിയ ഭക്ഷണവും ശ്രദ്ധേയമായിരിക്കുന്നു.
പത്തുവര്‍ഷം മുമ്പ് അമ്മാവന് രാഹുല്‍ഗാന്ധി കോഴിക്കോടന്‍ ഭക്ഷണത്തിന്റെ രുചി നുകരാനെത്തിയ അതേ ഹോട്ടലിലാണ് മരുമക്കളും എത്തിയത്. പ്രിയങ്കാ ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മക്കളായ മിറായ വദ്രയും റെയ്ഹാന് വദ്രയുമാണ് കോഴിക്കോടന്‍ ഭക്ഷണത്തിന്റെ രുചിതേടിയെത്തിയത്.
അമ്മ പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നീങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മക്കള്‍ പാരഗണ്‍ ഹോട്ടലിലെത്തി. പ്രിയങ്കയുടെ മക്കളാണെന്നും സുരക്ഷാപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇരുവരെയും രഹസ്യമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കണമെന്നും എസ്.പി.ജി. ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു.
തുടര്‍ന്ന്, ഹോട്ടലിന്റെ മുകള്‍നിലയിലെ എ.സി. മുറിയില്‍ ഇവര്‍ക്ക് സൗകര്യമൊരുക്കി. എസ്.പി.ജി.ക്കാര് ഉള്‍പ്പെടെ അഞ്ചുപേരാണ് ഭക്ഷണം കഴിക്കാന്‍ ടാക്സി കാറിലെത്തിയത്. മിറായ ഐസ് ടീ-യില്‍ ഉച്ചഭക്ഷണം ഒതുക്കിയപ്പോള്‍ റെയ്ഹാന് പത്തിരിയും വെജിറ്റബിള്‍ മാംഗോ കറി, ദം ബിരിയാണി, ലെമണ്‍ പെപ്പര്‍ ഗ്രില്‍ഡ് പനീര്‍, തവ ഗ്രില്‍ഡ് ചെമ്മീന്‍ എന്നിവ കഴിച്ചു.
ഉച്ചയ്ക്ക് ഒരുമണിമുതല്‍ രണ്ടരവരെ ഹോട്ടലില്‍ ചെലവിട്ടെങ്കിലും ഭക്ഷണം വിളമ്പിയവര്പോലും അതി സുരക്ഷാവലയത്തിലുള്ള അതിഥികളെ തിരിച്ചറിഞ്ഞില്ല.