ആലുവ: കൊച്ചി നഗരപാതയ്ക്കരികിൽ ആരുമറിയാതെ വിത്തുകൾ പാകുന്ന മധ്യവയസ്കൻ ശ്രദ്ധേയനാകുന്നു. ആലുവ കളപ്പറന്പത്ത് സാജു കെ. പോളാണ് നടക്കാനിറങ്ങുന്നതിനൊപ്പം വഴിയരികിൽ ഫലവൃക്ഷങ്ങളുടെ വിത്തുകളും പാകുന്നത്. ആരുമറിയാതെ രണ്ടുവർഷംകൊണ്ട് സാജു ഇത്തരത്തിൽ പാകിയിരിക്കുന്നത് നാലായിരത്തോളം ഫലവൃക്ഷവിത്തുകളാണ്.
വൈകുന്നേരമുള്ള വ്യായാമ നടത്തത്തിനിടെയാണ് സാജുവിന് ഈ ആശയം ഉടലെടുത്തത്. വീടിന് മുന്നിൽനിന്ന് ആലുവ മണപ്പുറം വരെ പലവട്ടം നടക്കുന്ന സാജു ഒരുദിവസം ആറുകിലോമീറ്റർ വരെയാണ് താണ്ടുന്നത്. കൊച്ചിയിലേക്കും ഈ നടത്തം നീട്ടിയത് ഞായറാഴ്ചകളിലാണ്. ബസിൽ കയറി പല സ്റ്റോപ്പുകളിലായി ഇറങ്ങി ദീർഘനേരം നടന്ന് ആത്ത ചക്ക, മധുരനാരങ്ങ, ഞാവൽ പഴം, സീത പഴം, ചെറി തുടങ്ങിയവയുടെ വിത്തുകളാണ് പാകുന്നത്.
പാകിയ വിത്തുകൾ മുളച്ചു നിൽക്കുന്നത് കണ്ട് ആഹ്ലാദപ്പെട്ടാണ് ഇപ്പോൾ നടപ്പെന്ന് സാജു പറയുന്നു. വീട്ടിൽ കഴിക്കുന്ന പഴവർഗങ്ങളുടെ വിത്ത് ശേഖരിച്ച് മുറ്റത്തും സമീപസ്ഥലങ്ങളിലും ഇതു പോലെ ഇടാവുന്നതേയുള്ളൂവെന്നാണ് സാജുവിന്റെ പക്ഷം. വീടിനോടു ചേർന്ന് ഇലക്ട്രിക്കൽ കട നടത്തുകയാണ് സാജു. റാണിയാണ് ഭാര്യ. മകൻ അജിൻ പോൾ ദുബായിലാണ്. മകൾ അഞ്ജു ബിഎസ്സി വിദ്യാർഥിനിയാണ്.