വടകര: എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജൻ കൊലപാതക കേസുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വോട്ടർമാർക്ക് മനസിലാവാതിരിക്കാൻ പാർട്ടി പത്രത്തിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് പരാജയഭീതി കൊണ്ടാണെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.
കേസിന്റെ വിവരങ്ങൾ ഉൾപ്പെടെ സുതാര്യത വേണമെന്ന സുപ്രീം കോടതി ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. എത്ര ഒളിച്ചു വയ്ക്കാൻ ശ്രമിച്ചാലും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും ജയരാജനെ രക്ഷപ്പെടുത്താൻ കഴിയില്ല.
രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് സംഗമം നടത്തുക വഴി കൊലപാതക രാഷ്ട്രീയം തന്നെയാണ് മുഖ്യ അജണ്ടയെന്ന് സിപിഎം അംഗീകരിച്ചിരിക്കുകയാണ്. കൊലക്കേസ് പ്രതിയെ പരാജയപ്പെടുത്താനുള്ള ഉറച്ച തീരുമാനം വടകരയിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിനകം വന്നു കഴിഞ്ഞു.
പാർട്ടിക്കുള്ളിൽ വൻ അടിയൊഴുക്കാണ് ഉണ്ടാകാൻ പോകുന്നത്. പിണറായി വിജയൻ പങ്കെടുത്ത വേദികളിൽ മിക്കവാറും സ്ഥലങ്ങളിൽ സ്ഥാനാർഥിയുടെ അസാന്നിധ്യം യാദൃശ്ചിമാകാനിടയില്ല. നാടിന്റെ സമാധാനത്തിനും ജീവന്റെ രക്ഷക്കും വടകരയിൽ കെ.മുരളീധരനെ വന്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും എൻ.വേണു വ്യക്തമാക്കി.