കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജപ്പാനില്‍ പുറത്തിറങ്ങാതെ കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നതായാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. അദൃശ്യരായ യുവത്വം എന്നറിയപ്പെടുന്ന ഇവര്‍ക്ക് ഹിക്കിക്കോമോറി എന്ന മാനസികരോഗമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജപ്പാനിലാണ് ഈ രോഗക്കാര്‍ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഇത്തരക്കാരുടെ സാന്നിധ്യം ഉണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഹിക്കിക്കോമേറി ബാധിച്ചവര്‍ മിക്കവരും മാതാപിതാക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ചിലര്‍ക്ക് ഭക്ഷണം വരെ മുറിയുടെ വാതില്‍ക്കലെത്തിച്ചുനല്‍കുന്നുണ്ട്. ഹിക്കിക്കോമോറിയുള്ളവരെ എത്രയും വേഗം സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.
സ്വന്തം മുറിയില്‍ നിന്ന് പോലും പുറത്ത് വരാന്‍ മടിക്കുന്ന യുവാക്കളില്‍ കണ്ട് വരുന്ന ഉള്‍വലിയുന്ന സ്വഭാവമാണ് ഹിക്കിക്കോമോറി. അച്ഛനമ്മമാരോടോ സുഹൃത്തുക്കളോടോ ഉളള ആശയയവിനിമയം ഇല്ലാതാകുന്നു. മറ്റുളളവരെ കാണാതിരിക്കാന്‍ വേണ്ടി രാത്രിയില്‍ ടിവി കാണുകയും പകല്‍ മുഴുവന്‍ ഇവര്‍ കിടന്ന് ഉറങ്ങുകയും ചെയ്യുന്നു.
സ്വന്തം താത്പര്യങ്ങള്‍ ബലികഴിക്കപ്പെടേണ്ടി വരുന്നവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ചിലര്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ ശിശുക്കളെപ്പോലെ പെരുമാറുന്നു. അച്ഛനമ്മമാരുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന കുട്ടികളിലാണ് പ്രശ്നങ്ങള്‍ കാണുന്നത്. മിക്കവാറും മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുളളവരാണ് ഇതിന്റെ പിടിയിലാകുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു.