കൊല്ലം : കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ലോട്ടറി വിൽക്കുന്ന ചെറുകിട തൊഴിലാളികളെയും നാട്ടുകാരെയും എൽഡിഎഫ് സർക്കാർ വഞ്ചിക്കുകയാണെന്ന് ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ആരോപിച്ചു.
ലോട്ടറിയുടെ സമ്മാനത്തുക ചുരുക്കിയും ഒരുകോടി രണ്ട് ലക്ഷം ടിക്കറ്റുകൾ പ്രതിദിനം അച്ചടിച്ചുമാണ് സർക്കാർ തൊഴിലാളികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്. സർക്കാരിന് ജിഎസ്ടി വഴിയും ലാഭം വഴിയും പ്രതിദിനം കോടിക്കണക്കിന് രൂപയാണ് ലഭിക്കുന്നത്. ജി എസ് ടി ഏർപ്പെടുത്തിയപ്പോൾ തൊഴിലാളികളുടെ ലാഭവിഹിതം കുത്തനെ കുറഞ്ഞു. ചെറുകിട കച്ചവടക്കാർക്ക് നിത്യവും ടിക്കറ്റ് വിൽക്കാൻ ആവാതെ കൈയിൽ അധികം വരുന്ന സാഹചര്യമാണുള്ളത്.
കൊല്ലത്തുനിന്നും പാർലമെൻറിലേക്ക് മത്സരിക്കുന്ന എൻ കെ പ്രേമചന്ദ്രൻ, മാവേലിക്കര മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന ഷാനിമോൾ ഉസ്മാൻ എന്നിവരെ വിജയിപ്പിക്കാൻ ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി പത്തനാപുരം നിയോജക മണ്ഡലം സമ്മേളനം ലോട്ടറി തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ഖരീം അധ്യക്ഷത വഹിച്ച യോഗം യൂണിയൻ ജില്ലാ പ്രസിഡൻറ് ഒബി രാജേഷ് ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹകസമിതി അംഗം സിആർ നജീബ് ഡിസിസി സെക്രട്ടറി ഷെയ്ക്ക് പരീത് , ചെമ്പനരുവി മുരളി, പള്ളിമുക്ക് എച്ച് താജുദീൻ, മണ്ഡലം പ്രസിഡൻറ് ജെ എൽ നസീർ തുടങ്ങിയവർ പ്രസംഗിച്ചു