കല്ലട സ്വകാര്യ ബസില്‍ നടന്ന അതിക്രമങ്ങള്‍ പുറം ലോകം അറിഞ്ഞതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കമ്പനിക്കെതിരെ നടന്നു വരുന്നത്. പലരും ഗതികേടുകൊണ്ടാണ് ഇത്തരം സര്‍വീസുകളെ ആശ്രയിക്കുകയും ദുരനുഭവങ്ങള്‍ ഉണ്ടായാലും പ്രതികരിക്കാതെ സഹിക്കുന്നതും എന്ന് ഇതോടെ വെളിപ്പെട്ടിരിക്കുകയുമാണ്.
കല്ലട ട്രാവല്‍സിനെതിരെ അധിക്ഷേപങ്ങളുടെയും ട്രോളുകളുടെയും ഒഴുക്കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബുക്ക് ചെയ്തിരുന്നവര്‍ പോലും സര്‍വീസ് കാന്‍സല്‍ ചെയ്യുന്ന സാഹചര്യം. ഈ സമയത്ത് താരമായിരിക്കുന്നത് മറ്റൊരു കൂട്ടരാണ്.
അത്യാകര്‍ഷകമായ വാചകത്തോടെയുള്ള ഒരു പോസ്റ്റാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്. ‘തള്ളുമില്ല, തല്ലുമില്ല… ദേ ഇത്രേം വണ്ടികളുണ്ട്.. സ്ഥിരമായി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക്.. കെ.എസ്.ആര്.ടി.സി എന്നാണ് പേര്…നമ്മുടെ ആനവണ്ടി’. ആനവണ്ടി ബ്ലോഗില്‍ പങ്കുവച്ച ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
കാര്യം കുറച്ച് ക്ഷീണത്തിലാണെങ്കിലും വഴിയല്‍ കിടന്നാല്‍ വേറെ ബസ് വിട്ടുതന്ന് ഈ ആനവണ്ടി നഷ്ടം നോക്കാതെ ഓടുെമന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരുടെയും കമന്റുകള്‍. ഐ ലവ് കെഎസ്ആര്‍ടിസി എന്ന തലവാചകത്തോടെ ഈ പോസ്റ്റ് ഒട്ടേറേപേരാണ് പങ്കുവയ്ക്കുന്നത്. ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് ദിവസേന സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്സില്‍ ബസുകളുടെ വിവരങ്ങളാണ് പോസ്റ്റില്‍ പങ്കുവച്ചിട്ടുള്ളത്.