ഇരിട്ടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സംഘര്‍ഷ സാധ്യതയ്ക്കൊപ്പം മാവോയിസ്റ്റ് ഭീഷണികൂടി കണക്കിലെടുത്താണ് മുന്‍പെങ്ങും ഇല്ലാത്ത വിധം സേനാ വിന്യാസം നടത്തുന്നത്. 1500 പോലീസുകാരാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ മേഖലയില്‍ ഉണ്ടാവുക.
സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവ ഉള്‍പ്പെടെ 5 കമ്പനി കേന്ദ്രസേനയും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും അധികമായി ഉണ്ടാവും. തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി 25 ഗ്രൂപ്പ് പട്രോളിംഗ് യൂണിറ്റുകളും 15 ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും 24 മണിക്കൂറും റോന്തു ചുറ്റും.
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന 29 ബൂത്തുകളില്‍ നാലുവീതം സിആര്‍പിഎഫ് കമാൻഡോകളെയാണ് വിന്യസിക്കുക. ഇവര്‍ക്കൊപ്പം ലോക്കല്‍ പോലീസും ഉണ്ടാവും.തണ്ടര്‍ബോൾട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക നീരീക്ഷണവും ഉണ്ടാകും. തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കാന്‍ പയ്യന്നൂരില്‍ കനത്ത സുരക്ഷ.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 93 ബൂത്തുകളും കല്യാശേരി മണ്ഡലത്തിലെ 14 ബൂത്തുകളുമുള്പ്പെടെയുള്ള 107 ബൂത്തുകളിലേക്കായാണ് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എറണാകുളം ഡിവൈഎസ്പി ടി.എം.വര്‍ഗീസിനാണ് പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ പോലീസ് സ്റ്റേഷന് പരിധിയിലെ സുരക്ഷാചുമതല.ബൂത്തുകളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ എസ്ഐമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
പട്രോളിംഗ് ഡ്യൂട്ടിയുടെ ചുമതല രണ്ട് എസ്ഐമാര്‍ നിര്‍വഹിക്കും.പോലീസിനായി 14 വാഹനങ്ങളാണ് ഓടുന്നത്.അത്യാവശ്യ ഘട്ടങ്ങളിലേക്ക് രണ്ട് വണ്ടി കേന്ദ്രസേനയുമുണ്ട്. കേരളപോലീസ്, കെഎപി, എംഎസ്പി എന്നിവരെ കൂടാതെ ഒരു കമ്പനി കേന്ദ്രസേന ഇന്നലെതന്നെ പയ്യന്നൂരിലെത്തിയിട്ടുണ്ട്.ഒരു കമ്പനി കേന്ദ്രസേന കൂടി ഇന്ന് വൈകുന്നേരത്തോടെ എത്തും.
പ്രശ്നബാധിതമായി കണക്കാക്കിയ ഇരുപത്തഞ്ചോളം ബൂത്തുകളിലേക്ക് ബിഎസ്എഫ് സേനാംഗംങ്ങളേക്കൂടി നിയോഗിക്കും. പയ്യന്നൂര്‍ എസ്എച്ച്ഒ ആര്.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഇന്ന് രാവിലെ പയ്യന്നൂര്‍ നഗരത്തിലും പെരുമ്പയിലും റൂട്ട് മാര്‍ച്ച് നടത്തി.
തളിപ്പറമ്പ് സബ്ഡിവിഷനിൽ കേന്ദ്രസേനക്ക് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും പോലീസ് സുരക്ഷാ ക്രമീകരണങ്ങൾക്കായി എത്തിച്ചേർന്നിട്ടുണ്ട്. 200 പേരെ അത്യാവശ്യ ഘട്ടങ്ങൾക്കായി ഒരുക്കി നിർത്തിയതായി ഡിവൈഎസ്പി എം.കൃഷ്ണൻ അറിയിച്ചു.
കൂത്തുപറമ്പ്, പിണറായി മേഖലകളിൽ സുരക്ഷ ശക്തം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കനത്ത സുരക്ഷയിലായിരിക്കും പ്രദേശം. ഡിവൈഎസ്പി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലാണു കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിൽ സുരക്ഷ ഒരുക്കുന്നത്. രണ്ട് സിഐമാർ, തൊണ്ണൂറ് കേന്ദ്രസേനാംഗങ്ങൾ, അമ്പത് കർണാടക പോലീസ് എന്നിവർക്കു പുറമെ എംഎസ്പി, കെഎപി വിഭാഗവും ഉണ്ടാവും.
സ്റ്റേഷൻ പരിധിയിലുള്ള ആകെ 65 ബൂത്തുകളിൽ ഏറെയും സെൻസിറ്റീവ് ബൂത്തുകളാണെന്ന് പോലീസ് പറഞ്ഞു. പിണറായി സ്റ്റേഷൻ പരിധിയിൽ നാല് പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ലോക്കൽ പോലീസിനു പുറമെ സ്പെഷൽ പോലീസ്, എംഎസ്പി, കെഎപി വിഭാഗത്തിലുൾപ്പെടെ നൂറോളം പോലീസുകാർ ഡ്യൂട്ടിയിലുണ്ടാവും.
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തുന്ന ആർ.സി.അമല ബേസിക് യുപി സ്കൂൾ ബൂത്ത് പിണറായി സ്റ്റേഷൻ പരിധിയിലാണ്. ഇവിടെയും പ്രത്യേക നിരീക്ഷണമുണ്ടാവും. സിഐ സജീവനാണ് പിണറായി സ്റ്റേഷന്റെ പ്രത്യേക സുരക്ഷാ ചുമതല.