കാസർഗോഡ്: പൊതുജനത്തിന് നിര്‍ഭയമായി വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുമുള്ള എല്ലാ ഒരുക്കങ്ങളും പോളിംഗ് സ്റ്റേഷനുകളില്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു.വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുപോകണം.
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും കൈവശം വയ്ക്കണം. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാന്‍ പാടില്ല.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്ക് പോളിംഗ് ബൂത്തില്‍ പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ട് സ്ത്രീകള്‍ പോളിംഗ് മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഒരു പുരുഷന് പ്രവേശിക്കാം.
ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ക്യൂവില്‍ നില്‍ക്കേണ്ടതില്ല. ഒന്നിലധികം ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൂന്നാമതൊരു ക്യൂ ആയി നിന്ന് പോളിംഗ് റൂമില്‍ പ്രവേശിക്കാം. ഭിന്നശേഷിക്കാരെ പ്രവേശിപ്പിച്ചതിന് ശേഷമേ മറ്റ് ക്യൂവില്‍നിന്ന് ആളുകളെ പോളിംഗ് റൂമിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
പോളിംഗ് റൂമിലേക്ക് പ്രവേശിക്കുന്ന വോട്ടര്‍ ഫസ്റ്റ് പോളിംഗ് ഓഫീസറെയാണ് ആദ്യം സമീപിക്കേണ്ടത്.വോട്ടര്‍ കൈയ്യിലുള്ള ബിഎല്‍ഒ സ്ലിപ്പ് ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് കാണിക്കണം. ബിഎല്‍ഒ സ്ലിപ്പ് ഇല്ലെങ്കില്‍ വോട്ടര്‍, ക്രമനമ്പര്‍ പറഞ്ഞു കൊടുക്കണം.
ബിഎല്‍ഒ സ്ലിപ്പ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ കഴിയില്ല. തുടര്‍ന്ന് വോട്ടര്‍മാരുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശോധിക്കും. തിരിച്ചറിയല്‍ രേഖയില്‍ കൃത്രിമത്വം ഇല്ലെന്ന് ഉറപ്പായാല്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരെ രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്തേക്ക് അയക്കും.
രണ്ടാമത്തെ പോളിംഗ് ഓഫീസര്‍ വോട്ടറുടെ പേര് വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം, അവരുടെ പേര് വോട്ടര്‍ റജിസ്റ്ററില്‍ ചേര്‍ത്ത് ഒപ്പ് വയ്പ്പിക്കും. അതിന് ശേഷം വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ മഷി അടയാളം വയ്ക്കും.തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് സ്ലിപ് കൊടുക്കും.
മൂന്നാം പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ കൈയിലെ സ്ലിപ് വാങ്ങി വച്ച്, വിരലിലെ മഷി അടയാളം ഉറപ്പ് വരുത്തിയതിന് ശേഷം വോട്ടിംഗ് മെഷീന് വോട്ട് ചെയ്യാന്‍ സജ്ജമാക്കും . തുടര്‍ന്ന് വോട്ടര്‍ക്ക് വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ പോയി വോട്ട് ചെയ്യാം. വോട്ട് ചെയ്ത മുറയ്ക്ക് ആര്‍ക്കാണോ വോട്ട് ചെയ്തത് ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവ വിവിപാറ്റില്‍ ദൃശ്യമാകും.അതിന് ശേഷം വോട്ടര്‍ക്ക് പുറത്ത് പോകാം.