നെടുമ്പാശേരി:ചുറ്റും ഉഗ്ര സ്ഫോ ടനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം , കൺമുന്നിൽ ഭീകരതയുടെ ഭീതിജനകമായ കാഴ്ചകൾ, മരണം മുന്നിൽ കണ്ട നിമിഷങ്ങൾ……. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ സ്ഫോടന പരമ്പരകളുടെ നടുവിൽനിന്നു ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ നാട്ടിൽ തിരിച്ചെത്തിയ കൊച്ചി സ്വദേശികളായ പ്രദീപ് രാജുവിന്റെയും സഹോദരൻ സജീവ് രാജുവിന്റെയും വാക്കുകളിൽ ഇപ്പോഴും വിട്ടൊഴിയാത്ത പകപ്പ്.
വിനോദ സഞ്ചാരികളായിട്ടാണ് കുടുംബാംഗങ്ങളോടൊപ്പം ഇവർ പോയത്. ഭീകരത വിളയാടിയ സ്ഥലത്തുനിന്ന് സുരക്ഷിതരായി എത്താനായതിന്റെ ആശ്വസം അവർ നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളുമായി പങ്കുവച്ചത് ഇങ്ങനെ. താമസിച്ചിരുന്ന ഹോട്ടലിന്റെ 500 മീറ്റർ അകലത്തിലാണ് മൂന്നു ബോംബുകൾ പൊട്ടിയത്. ഈസ്റ്റർ ദിനത്തിൽ രാവിലെ എട്ടിനാണ് ഈ മൂന്നു സ്ഥലത്തും ബോംബുകൾ പൊട്ടിയത്. ആദ്യ സ്ഫോടനത്തിൽ ഭീകരാക്രമണമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.
പുറത്തുവന്നു നോക്കിയപ്പോഴാണ് പരിക്കേറ്റവരെയുംകൊണ്ട് ആബുലൻസുകൾ പായുന്നതു കണ്ടത്. തങ്ങൾക്ക് തിരിച്ചുപോരാനുള്ള ടിക്കറ്റ് തിങ്കളാഴ്ച ആയിരുന്നുവെങ്കിലും പ്രതികൂല സാഹചര്യം മുന്നിൽകണ്ട് ഞായറാഴ്ച രാത്രിതന്നെ കൊളംബോ വിമാനത്താവളത്തിൽ വന്ന് തങ്ങുകയായിരുന്നു.
ബോംബ് സ്ഫോടനങ്ങൾക്കുശേഷവും സ്ഥിതി സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ജനങ്ങൾ ഭയവിഹ്വലരാണ്. ഭീകരാക്രമണത്തിന്റെ തീവ്രത ബോധ്യപ്പെട്ടതോടെ സർക്കാർ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതുമൂലം ജനജീവിതം ദുഃസഹമായിരിക്കയാണ്. അവധി ആഘോഷിക്കാൻ എത്തിയ നിരവധി ഇന്ത്യൻ വിനോദ സഞ്ചാരികൾ കൊളംബോയിലെ ഹോട്ടലുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ് എന്നീ പള്ളികളിലും കിംഗ്സ് ബെറി, ഡിനാമൻ ഗ്രാൻഡ്, ഷാൻ ഗ്രലിയ എന്ന ഹോട്ടലുകളിലുമായി കൊളംബോയിൽ എട്ടു സ്ഫോടനങ്ങളാണ് നടന്നിട്ടുള്ളതെന്ന് അവർ പറഞ്ഞു.