കൂത്തുപറമ്പ്: പതിനെട്ടു വർഷം മുമ്പത്തെ നടുക്കുന്ന തെരഞ്ഞെടുപ്പ് ഓർമയിൽ ചെറുവാഞ്ചേരിയിലെ അസ്ന ഇന്നു വീണ്ടും വോട്ടു ചെയ്തു. ആരും മറന്നു കാണില്ല അസ്നയെന്ന കൊച്ചു മിടുക്കിയെ. 2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിൽ അരങ്ങേറിയ ബോംബേറിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്നക്ക് വലതുകാൽ നഷ്ടമാവുകയായിരുന്നു. വീടിനു സമീപത്തെ ചെറുവാഞ്ചേരി പൂവത്തൂർ ന്യൂഎൽപി സ്കൂൾ പരിസരത്തായിരുന്നു തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായത്.
അക്രമിസംഘം എറിഞ്ഞ ബോംബുകളിലൊന്ന് ദൂരേക്ക് തെറിച്ചുവീണ് പൊട്ടി സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരി അസ്നയ്ക്കും സഹോദരനും പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയ്ക്കിടെ അസ്നയുടെ വലതുകാൽ പിന്നീട് മുറിച്ചു മാറ്റി. കൃത്രിമ കാലുമായി പിന്നീട് അസ്ന നടന്നു കയറിയത് അതിജീവനത്തിന്റെ കൊടുമുടിയിൽ. എംബിബിഎസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ അസ്ന പഠനം പൂർത്തിയാക്കി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറാണ്.
കോഴിക്കോട്ടെ എം ബി ബി എസ് പഠന കാലത്തിനിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്ന നാട്ടിൽ വോട്ടു ചെയ്യാനെത്തിയിരുന്നു. ഇന്നു രാവിലെ 6.15 ഓടെ മാതാപിതാക്കളോടും സഹോദരനോടൊപ്പവും ക്യൂ നിന്നാണ് പൂവത്തൂർ ന്യൂ എൽപി സ്കൂളിൽ അസ്ന വോട്ടു രേഖപ്പെടുത്തിയത്.ഇതിനായി ഇന്നലെ രാത്രിയാണ് അസ്ന നാട്ടിലെത്തിയത്.ഉച്ചയോടെ കോഴിക്കോട്ടേക്ക് തിരിക്കും.