സൂര്യനാരായണൻ
എല്ലാം മറക്കാൻ ശ്രമിക്കുകയാണ് അഷ്കറും സച്ചിനും. ഇപ്പോഴും ഭയപ്പെടുത്തുന്ന രംഗങ്ങൾ മനസിലേക്കു കടന്നു വരുന്നു. പണം കൊടുത്തു ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്പോൾ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഒന്നു നന്നായി ഉറങ്ങി വീട്ടിലെത്താമെന്ന ആഗ്രഹത്തോടെയാണ് യാത്ര. ഉറക്കത്തിൽ എന്തോ അപകടം സംഭവിച്ചതാണോ എന്നായിരുന്നു ചിന്ത. ഒന്നും മനസിലായില്ല. കയറിയ വണ്ടി കേടായതും അതിനു പകരം വണ്ടി വന്നതും കയറിയിരുന്നതും മാത്രം ഓർമ. പെട്ടെന്നു മയങ്ങി പോയി.
പക്ഷേ, വാഹനത്തിൽ നിറയുന്ന അട്ടഹാസവും ശരീരത്തിൽ മർദനമേൽക്കുന്നതും ഞെട്ടലോടെയാണ് അറിഞ്ഞത്. പിന്നീട് ഞെട്ടിയുണർന്നപ്പോൾ ഞെട്ടിപ്പോയി. ക്രൂരമായി അലറി കൊണ്ടു നിൽക്കുന്ന ഏതാനും പേർ. പിന്നീട് ഇടിവണ്ടിയായി കല്ലട വണ്ടി മാറുകയായിരുന്നു. ഇതു രണ്ട് സുഹൃത്തുകളുടെ കഥയല്ല. അവർ അനുഭവിച്ച വേദനയുടെ കഥയാണ്.
വീട്ടിലേക്കു വരുന്ന മക്കളെ നോക്കിയിരുന്ന മാതാപിതാക്കൾ ഞെട്ടലോടെ കേട്ട സംഭവം. മക്കൾ തിരിച്ചു വന്നാൽ മാത്രം സന്തോഷം അനുഭവിക്കേണ്ടിവരുന്ന മാതാപിതാക്കൾ. വോൾവോ ബസിൽ അതും പ്രൈവറ്റ് ബസിൽ കയറ്റി വിടുന്പോൾ പണം വാങ്ങിയവൻ കൊല്ലാൻ ശ്രമിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?.
ഇവിടെ കേരളത്തിൽ അതും നടക്കുമെന്ന സത്യം ജനം തിരിച്ചറിയുന്നു. തിരുവനന്തപുരത്തുനിന്നും ബംഗളൂരിലേക്കു പായുന്ന കല്ലട ബസ് കല്ലറ ഒരുക്കുന്ന സംഭവക്കഥയാണ് ഇപ്പോൾ കേരളം ശ്രവിക്കുന്നത്. പണമുണ്ടെങ്കിൽ എന്തും ചെയ്യാമെന്നു വിശ്വസിക്കുന്ന ബസുകാരുടെ ക്രൂരതയുടെ കഥ.
മുഹമ്മദ് അഷ്കറും സച്ചിനും ഈറോഡിൽ പഠിക്കുന്ന വിദ്യാർഥികൾ. സുഹത്തുക്കൾ. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു അവർ. അതിനായി കല്ലട ബസിനെ ആശ്രയിച്ചു. കൂടെ തിരുവനന്തപുരം സ്വദേശി അജയ് ഘോഷും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കു പോവുകയായിരുന്നു അജയ് ഘോഷ്. ബസ് ഹരിപ്പാട്ടെത്തിയപ്പോൾ തകരാറിലായി.
അപ്പോൾ സമയം അർധരാത്രി 12 മണി. എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്ന യാത്രക്കാർ. പരസ്പരം പരിചയമില്ലാത്ത ആളുകൾ. സ്ത്രീകളും കുട്ടികളും പെരുവഴിയിൽ. കയറി നിൽക്കാൻ കെട്ടിടങ്ങളില്ലാത്ത സ്ഥലം. അസ്വസ്ഥരായ കുട്ടികൾ വാവിട്ടുനിലവിളിക്കുന്നു. ബസിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയില്ല.
ഡ്രൈവറിനോടും ക്ലീനറിനോടും ചോദിക്കുന്പോൾ ഉത്തരമില്ല. എവിടെയെങ്കിലും കയറി ഇരിക്കാൻ അവസരം നല്കണമെന്ന് അവശ്യപ്പെട്ടെങ്കിലും മറുപടിയില്ല. തിരുവനന്തപുരത്തും വൈറ്റിലയിലും വിളിച്ചിട്ടും മറുപടിയില്ല. ലോകം ഉറങ്ങുന്ന സമയത്തു പരിചയമില്ലാത്ത സ്ഥലത്തു കൊതുകിന്റെ ശല്യത്തിൽ ഇഴജന്തുക്കളുടെ ഇടയിൽ പേടിച്ച് വിറച്ചുസ്ത്രീകളും കുട്ടികളും.
അഷ്കറും സച്ചിനും അജയ്ഘോഷും ഡ്രൈവറെ ചോദ്യം ചെയ്തു. കുറച്ചുനേരം പരസ്പരം കയർത്തു സംസാരിച്ചു. പക്ഷേ, മറ്റൊന്നും സംഭവിച്ചില്ല. ഹരിപ്പാട് പോലീസെത്തി പ്രശ്നങ്ങൾ പരിഹരിച്ചു മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടരാൻ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും മൂന്ന് മണിക്കൂറോളം കഴിഞ്ഞിരുന്നു. ബസ് വൈറ്റിലയിലെത്തിയപ്പോൾ ബസ് നിൽക്കുന്നു.
എല്ലാവരും ഉറക്കത്തിലായിരുന്നു. പിന്നീട് നടന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ബസ് ജീവനക്കാരെന്നു പറയപ്പെടുന്ന മൂന്നോ നാലോ ഗുണ്ടകൾ ബസിനുള്ളിലേക്കു പാഞ്ഞു കയറുന്നു. ബസിനുള്ളിലെ ജീവനക്കാർ സീറ്റ് നന്പർ പറഞ്ഞു കൊടുക്കുന്നു. ഇവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് ബസ് ഡ്രൈവർ ആണ് ബസിൽ കയറിയ സംഘത്തിന് ചൂണ്ടിക്കാട്ടി കൊടുത്തത്.
കല്ലടയോട് കളിച്ചാൽ നീയൊക്കെ വിവരം അറിയും, ബസിൽ നിന്ന് ഇറങ്ങി പോകെടാ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. ഉറങ്ങിക്കിടന്നവർക്ക് പലർക്കും ആദ്യം സംഗതി പിടികിട്ടിയില്ല. ക്രൂരമായി മർദ്ദിച്ച് ബസിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നതിനിടെ ചോദ്യം ചെയ്യാൻ ശ്രമിച്ച സഹയാത്രികനെ തലയ്ക്കടിച്ച് വീഴ്ത്തി. ബാക്കിയുള്ളവരെ നിരത്തിൽ ഓടിച്ചിട്ട് തല്ലുകയായിരുന്നു.പിന്നീട് ബസിലെ നിറയെ യാത്രക്കാരെ ബന്ദിയാക്കി ഈ വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നു.
ഞങ്ങളുടെ കല്ലറ സുരേഷേട്ടെനെതിരേ പരാതി കൊടുക്കുമോടാ എന്ന ചോദിച്ചാണ് മർദിച്ചതെന്നു യാത്രക്കാർ പറയുന്നു. ഗുണ്ടകൾ വീണ്ടും വീണ്ടും മുഖത്തേക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. മേത്ത് തൊടാതെ വർത്താനം പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന ആദ്യം പരാതി പറഞ്ഞ യാത്രക്കാരനെ മർദ്ദിച്ച് അവശനാക്കി.
എന്നെയും ഫ്രണ്ടിനേയും അവർ പൊതിരെ മർദ്ദിച്ചു. ഞങ്ങൾ രണ്ട് സുഹൃത്തുക്കളും രണ്ട് സ്ഥലത്തേക്ക് മാറിയെങ്കിലും വീണ്ടും ഇവർ എത്തി മർദ്ദിക്കുകയും ചെയ്തു. കൈയിലെ കാശു കൊടുത്തു ബസിൽ കയറിയ കുട്ടികളെ വഴിയിൽ ഇറക്കിവിടുകയും ബസിൽ നിന്നും ചവിട്ടി പുറത്താക്കുകയായിരുന്നു.
പരിഭ്രാന്തരായ യാത്രക്കാർ ആരും ഒന്നും പറഞ്ഞില്ല. അവർ ഭയപ്പെട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്നു കണ്ടെത്തുകയായിരുന്നു. അജയ് ഘോഷ് തൃശൂരിലെ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തെ കുറിച്ച് ബസ് ബുക്കിംഗ് ആപ്ലിക്കേഷനായ റെഡ് ബസിൽ രണ്ടുതവണ വിളിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും യാത്രക്കാരൻ പരാതിപ്പെടുന്നുണ്ട്. ഇതോടെ, റെഡ് ബസ് ആപിന്റെ ഒൗദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രതിഷേധവുമായി നിരവധി യാത്രക്കാരെത്തി.
യാത്രാമധ്യേ ബസ് വഴിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമർദ്ദനത്തിനിരയാക്കിയത്. ബസ് എപ്പോൾ പോകും ചേട്ടാ എന്നു ചോദിച്ചതിനാണ് ഈ മർദനം.അതു പോലും ചോദിക്കാൻ പാടില്ല എന്ന കർശന നിർദേശം.
ബംഗളൂരുവിലേക്കുള്ള നിരവധി വിദ്യാർഥികളും ജോലിക്കാരുമുൾപ്പെടെ ഏറ്റവും കൂടുതൽ മലയാളികൾ ആശ്രയിക്കുന്നത് കല്ലട ബസിനെയാണ്. നേരത്തെയും കല്ലട ബസിൽ ഇത്തരത്തിൽ ജീവനക്കാരുടെ ആക്രമണങ്ങളുണ്ടായതായി പരാതിയുയർന്നിട്ടുണ്ട്. ഇതെല്ലാം ജേക്കബ് ഫിലിപ്പ് എന്നയാത്രക്കാരൻ കാമറയിൽ പകർത്തി. ഇദ്ദേഹം കാമറയിൽ പിടിക്കുന്നതു ആരും അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ജേക്കബ് ഫിലിപ്പ് ഉണ്ടാകുമായിരുന്നില്ല.
ജേക്കബ് ഫിലിപ്പിനു പറയാനുണ്ട്……
കല്ലട ട്രാവൽസിന്റെ വോൾവോ ബസിലെ ക്രൂരതകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും വീഡിയോയും വൈറലാകുന്നു. ജേക്കബ് ഫിലിപ്പ് ഇതിലെ യാത്രക്കാരനായിരുന്നു. ഈ ക്രൂരത പുറംലോകം അറിഞ്ഞതു ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഉണ്ടായിരുന്നതു കൊണ്ടാണ്.
അർധ രാത്രി 12 മണിക്ക് ഹരിപ്പാട്ട് നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാൻ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസിൽ കയറിയ ജേക്കബ് ഫിലിപ്പാണ് സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഗുണ്ടയിസവും ക്രൂരതയും വീഡിയോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിൽ എഴുതുന്നു. വെളുപ്പിന് 12 മണിക്കാണ് കല്ലട സുരേഷ് ഗ്രൂപ്പിന്റെ ബസിൽ ബാംഗ്ലൂരിലേക്ക് പോകുവാൻ ജേക്കബ് ഫിലിപ്പ് കയറുന്നത്. പത്ത് മിനിറ്റിനകം സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണ് ആകുകയായിരുന്നു. എല്ലാ യാത്രക്കാരെയും വാഹനത്തിൽ നിന്നും വെളിയിലിറക്കിയ ജീവനക്കാർ എന്നാൽ കൃത്യമായ ഉത്തരങ്ങൾ യാത്രക്കാർക്കു നൽകിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകുന്നതിനും ഡ്രൈവർ തയാറായില്ല. ബസ് നന്നാക്കാൻ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി.
താൻ രണ്ടു തവണ റെഡ് ബസിൽ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതി റെക്കോഡ് ചെയ്തതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല. യാത്രക്കാർ ദേശീയ പാതയോരത്ത് ഇരുട്ടിൽ തന്നെ നിൽക്കുകയും ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാർ ഡ്രൈവറോട് കയർത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയാറായില്ല. ഒരു മണിക്കൂറിനുശേഷം കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസിൽ ഈ ചെറുപ്പക്കാർ വിളിച്ചു.
എന്നാൽ പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പോലീസ് ഡ്രൈവറോട് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പോലീസും പോയി. വീണ്ടും മൂന്നു മണിക്കൂർ കഴിഞ്ഞാണ് പകരം ബസെത്തി ഇവർ യാത്ര തുടരുന്നത്. പുതിയതായി എത്തിയ ബസിൽ യാത്ര തുടരവേ ബസിൽ എല്ലാവരും ഉറക്കമായിരുന്നു.
എന്നാൽ കുറച്ച് സമയത്തിന് ശേഷം വലിയ ഒച്ച കേട്ടാണ് താൻ ഉണർന്നതെന്നും അപ്പോൾ കണ്ടത് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ നാലഞ്ച് പേർ ചേർന്ന് നേരത്തേ ബസ് ഡ്രൈവറോട് ചൂടാകുകയും വൈറ്റിലയുള്ള കല്ലട ട്രാവൽസിന്റെ ഓഫീസിൽ വിളിക്കുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെയും സിനിമ സ്റ്റൈലിൽ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഈ ചെറുപ്പക്കാരെയും വണ്ടിയുടെ മുൻ സീറ്റുകളിലുരുന്ന കുറച്ച് ആളുകളെയും ഇവർ ബസിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയെന്നും പോസ്റ്റിൽ പറയുന്നു.
രണ്ടാമത്തെ ബസിനെ പിൻതുടർന്നെത്തിയ ആദ്യ ബസിന്റെ ഡ്രൈവറും കൂട്ടരുമാണ് ബസിൽ കയറി ഈ അതിക്രമം കാട്ടിയത്. ചെറുപ്പക്കാരെ മൃഗീയമായി മർദ്ദിക്കുന്ന വീഡിയോയും ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ബസിലെ യാത്രക്കാർക്ക് യാതൊരു സുരക്ഷയുമില്ലെന്നും പിടിച്ചിറക്കിക്കൊണ്ടു പോയ ആളുകളെ രക്ഷിക്കാൻ എത്രയും പെട്ടെന്ന് പോലീസ് ഇടപെടണമെന്നും ജേക്കബ് ആവശ്യപ്പെടുന്നു.
( തുടരും)