ആലപ്പുഴ: പാർലമെന്റ് മണ്ഡലത്തിൽ മികച്ച പോളിംഗാണ് രാവിലെ മുതൽ കാണാനായത്. പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പുലർച്ചെ പെയ്ത മഴ ആശങ്കയുണ്ടാക്കിയെങ്കിലും രാവിലെ ഏഴോടെ മഴയ്ക്ക് ശമനമായത് വോട്ടർമാർക്ക് സഹായമായി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ രാവിലെ 10 വരെയുള്ള കണക്കനുസരിച്ച് 13.58 ശതമാനം വോട്ട് രേഖപ്പെടുത്തി. ‘
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ കുടുംബസമേതമെത്തി ആലപ്പുഴ ഗവ: മുഹമ്മദൻസ് ഹൈസ്ക്കൂളിലെ ആറാം നന്പർ ബൂത്തിൽ രാവിലെ 7.15 നെത്തി വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് വോട്ട് ചെയ്ത ശേഷം ഷാനിമോൾ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ് ആലപ്പുഴ കുതിരപ്പന്തി ടികഐം മെമ്മോറിയൽ യുപി സ്കൂളിലെ മുപ്പത്തിയെട്ടാം നന്പർ ബൂത്തിൽഎട്ടു മണിക്കെത്തി വോട്ട് ചെയ്തു.
ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വോട്ട് ചെയ്ത ശേഷം ആരിഫ് പറഞ്ഞു. മന്ത്രി ജി.സുധാകരൻ ഭാര്യ ജൂബിലി നവപ്രഭയോടൊപ്പമാണ് വോട്ടു ചെയ്യാനെത്തിയത്. പറവൂർ ഹൈസ്ക്കൂളിലെ എണ്പത്തിയേഴാം നന്പർ ബൂത്തിൽ ഇരുവരും വോട്ട് ചെയ്തു.പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എണ്പത്തി ഏഴാം നന്പർ ബൂത്തിലെ ആദ്യത്തെ വോട്ട് മന്ത്രി.ജി.സുധാകരന്േറതായിരുന്നു.
ഭാര്യ ജൂബിലി നവപ്രഭക്കൊപ്പമാണ് മന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്. പൊതുജനങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ആരിഫിന്റെ സ്ഥാനാർത്ഥിത്വം വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി ഡോ. തോമസ് ഐസക് ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്കൂളിൽ രാവിലെ ഒന്പതോടെ വോട്ട് രേഖപ്പെടുത്തി.
എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാൽ പഴവീട് തിരുവന്പാടി സ്ക്കൂളിലെ അറുപത്തിമൂന്നാം നന്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സംവിധായകൻ ഫാസിലും മകനും നടനുമായ ഫഹദ് ഫാസിലും രാവിലെ എട്ടു മണിയോടെ ആലപ്പുഴ സെന്റ് സെബാസ്റ്റിൻ എൽപി സ്ക്കൂളിൽ് വോട്ട് ചെയ്തു. ഏറെ നേരം ക്യൂ നിന്നാണ് ഇരുവരും വോട്ടു ചെയ്തത്. കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ആർക്ക് വോട്ട് ചെയ്യണമെന്ന് കൃത്യധാരണയോടെയാണ് വോട്ട് ചെയ്യാൻ എത്തിയതെന്നും ഫഹദ് ഫാസിൽ പറഞ്ഞു.