കോതമംഗലം: വേനൽ മഴയെത്താൻ വൈകിയതോടെ കടുത്ത ചൂടിൽ കൊക്കോ കൃഷിയും കരിഞ്ഞുണങ്ങി നശിച്ചു. ചൂടിൽ കൊക്കോ ചെടിയുടെ പൂക്കളും ചെറുകായ്കളും ഉണങ്ങി നശിച്ച അവസ്ഥയിലാണ്. മൂപ്പെത്തിയ കായ്കളുടെ വിളവെടുപ്പ് കഴിഞ്ഞാൽ കൊക്കോ ഉത്പാദനം പൂർണമായി നിലയ്ക്കുന്ന അവസ്ഥയിലാണിപ്പോൾ.
കടുത്ത വരൾച്ചയിൽ മേഖലയിലെ മറ്റു കാർഷിക വിളകൾക്കൊപ്പം കൊക്കോ കൃഷിയും കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. വേനൽച്ചൂട് ക്രമാതീതമായി വർധിക്കുകയും യഥാസമയം മഴ ലഭിക്കാത്തതുമാണു കൊക്കോ കൃഷിക്കും തിരിച്ചടിയായി മാറിയിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ കർഷകർക്ക് ആശ്വാസമായി. മറ്റു കൃഷികളേ അപേക്ഷിച്ച് വലിയ രീതിയിലുള്ള മുതൽമുടക്കും പരിപാലനവും ആവശ്യമില്ലാത്ത കൊക്കോ കൃഷിയാണ് റബർ വിലയിടിഞ്ഞ സാഹചര്യത്തിൽ കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നത്.
എന്നാൽ നിലവിൽ കൊക്കോ കൃഷികൂടി നാശത്തിന്റെ വഴിയിലാണ്. പുതിയതായി വിരിയുന്ന പൂവുകളും മുന്പ് ഉണ്ടായ കായ്കളും വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്. പൂവുകൾ പൂർണമായി നശിക്കുന്നതിലൂടെ മുന്പോട്ടുള്ള ഉത്പാദനം ഇല്ലാതാവും.