ആലുവ: വോട്ട് ചെയ്യാൻ ബുത്ത് പരിസരത്ത് ആദ്യം എത്തിയത് കാറ്റും മഴയും ആയതോടെ തകർന്നത് പ്രവർത്തകരുടെ ചങ്ക്. രാത്രി 12.30 ഓടെ ആലുവ നഗരത്തിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും ബൂത്തുകൾ കേന്ദ്രീകരിച്ച് സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നശിപ്പിച്ചതാണ് പ്രവർത്തകർക്കു വിനയായത്. സ്ഥാനാർഥിയുടെ മുഖവും ചിഹ്നവുമടങ്ങിയ പോസ്റ്ററുകളും മറ്റുമാണ് കാറ്റ് കൊണ്ടുപോയത്.
പ്രവർത്തകർ വീണ്ടും എത്തി ഏതാനും തോരണങ്ങൾ തയ്യാറാക്കുകയായിരുന്നു. പലയിടത്തും പാർട്ടികളുടെ കൊടികളും നശിച്ചുപോയി. ബാക്കി വന്ന പോസ്റ്ററുകളും ഉപയോഗിച്ചാണ് തോരണങ്ങൾ ഉണ്ടാക്കിയത്. പകരം സാധനങ്ങളില്ലാതെ ചില ബൂത്തുകളിലെ പ്രവർത്തകർ കഷ്ടപ്പെട്ടു.
വേനൽമഴ പെയ്യും എന്ന പ്രവചനമുള്ളതിനാൽ രാത്രി 10 30 വരെ കാത്ത് നിന്നാണ് ബൂത്തുകളുടെ സമീപം പ്രവർത്തകർ അലങ്കരിച്ചത്. പക്ഷെ രണ്ട് മണിക്കൂറിനുള്ളിൽ ഇടിമിന്നലും ശക്തമായ കാറ്റുമായെത്തിയ വേനൽ മഴ ഇവയെല്ലാം അലങ്കോലമാക്കുകയായിരുന്നു.