ദോഹ: 23-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മൂന്നാം ദിനം ഇന്ത്യയുടെ അക്കൗണ്ടിലെത്തിയ ആദ്യ മെഡൽ സ്വപന ബെർമനിലൂടെ. വനിതാ വിഭാഗം ഹെപ്റ്റാത്തലണിൽ സ്വപ്ന ഇന്ത്യൻ അക്കൗണ്ടിലേക്ക് വെള്ളി സമ്മാനിച്ചു. സീസണിൽ തന്റെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യൻ താരം വെള്ളിയിൽ മുത്തമിട്ടത്. 5993 പോയിന്റ് സ്വപ്ന സ്വന്തമാക്കി. ഉസ്ബക്കിസ്ഥാന്റെ എകതെറിന വൊർനിനയ്ക്കാണ് (6198 പോയിന്റ്) സ്വർണം.
2018 ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവാണ്. 2017 ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വപ്ന സ്വർണം നേടിയിരുന്നു.
22 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിവയുമായി 107 പോയിന്േറാടെ ഇന്ത്യ മൂന്നാമതാണ്. ചൈന (156 പോയിന്റ്), ജപ്പാൻ (114 പോയിന്റ്) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
വേദനയായി ജിൻസണ്
ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ജിൻസണ് ജോണ്സണ് പരിക്കേറ്റ് പുറത്ത്. ഇടത് കാലിലെ മസിലിനേറ്റ പരിക്കാണ് വില്ലനായത്. ഇതേത്തുടർന്ന് 1500 മീറ്റർ ഓട്ടത്തിൽനിന്ന് പിന്മാറാൻ ഡോക്ടർമാർ നിർദേശിച്ചു. പുരുഷവിഭാഗം 800 മീറ്റർ മത്സരത്തിനിടെ ജിൻസണ് പിന്മാറിയിരുന്നു. 600 മീറ്റർ പിന്നിട്ടപ്പോഴാണ് മലയാളി താരം ട്രാക്ക് വിട്ടത്. നാലാമത് ഓടിക്കൊണ്ടിരിക്കുന്പോഴായിരുന്നു അത്.
അദ്ദേഹത്തിന്റെ ഇടത് കാൽമസിൽ പ്രശ്നത്തിലാണ്. ഈ സാഹചര്യത്തിൽ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദേശിച്ചു- ഇന്ത്യൻ ടീമിന്റെ ഡെപ്യൂട്ടി ചീഫ് കോച്ച് ആർ.കെ. നായർ പറഞ്ഞു.
പരുൾ അഞ്ചാമത്
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ പരുൾ ചൗധരിക്ക് അഞ്ചാം സ്ഥാനംകൊണ്ട് കളംവിടേണ്ടിവന്നു. വ്യക്തിഗത മികച്ച സമയം കണ്ടെത്തിയെങ്കിലും (10:03.43 സെക്കൻഡ്) മെഡൽ നേടാൻ അതു മതിയായില്ല. ബെഹ്റിന്റെ വിൻഫ്രെഡ് മുത്ലി യവിക്കാണ് (9:46.18 സെക്കൻഡ്) സ്വർണം. 5000 മീറ്ററിൽ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു പരുൾ.
ഇന്ത്യക്കു വെള്ളി നിഷേധിച്ചു!
ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒരു വെങ്കലം വെള്ളി ആകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അതു നിഷേധിക്കപ്പെട്ടു. പുരുഷ വിഭാഗം 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ മുരളി കുമാർ ഗവിത് വെങ്കലം നേടിയിരുന്നു. വെള്ളി നേടിയത് ബെഹ്റിന്റെ ഹസൻ ചാനിയും.
ബെഹ്റിൻ താരം ജഴ്സിയുടെ പുറംഭാഗത്ത് തന്റെ നന്പർ പതിപ്പിച്ചിട്ടില്ലായിരുന്നു. സാങ്കേതികമായി ജഴ്സിയുടെ മുന്നിലും പിന്നിലും താരത്തിന്റെ തിരിച്ചറിയൽ നന്പർ പതിപ്പിക്കേണ്ടതാണ്. ഇതില്ലാത്തെ മത്സരിച്ചാൽ അയോഗ്യത കൽപ്പിക്കപ്പെടും.
ഇന്ത്യ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും ചാന്പ്യൻഷിപ്പിലെ സങ്കേതിക വിഭാഗം പരാതി തള്ളുകയാണുണ്ടായത്. ഇന്റർനാഷണൽ അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) നിയമം ലംഘിക്കപ്പെട്ടിട്ടും ബെഹ്റിൻ താരത്തെ അയോഗ്യനാക്കിയില്ല. താരത്തിന്റെ തെറ്റല്ല ടെക്നിക്കൽ ഓഫീഷൽസിന്റെ പിഴവാണ് അതെന്നായിരുന്നു വിശധീകരണം. ഫലത്തിൽ ഇന്ത്യക്ക് അർഹതപ്പെട്ട വെള്ളി ലഭിച്ചില്ല.
കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽനടന്ന ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ ജി. ലക്ഷ്മണൻ വെങ്കലം നേടിയെങ്കിലും സാങ്കേതിക കാരണത്താൽ അയോഗ്യനാക്കപ്പെട്ടിരുന്നു.