ചെന്നൈ: മനീഷ് പാണ്ടെയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോർ. 49 പന്തിൽ 83 റണ്‍സ് എടുത്ത് മനീഷ് പാണ്ഡെ പുറത്താകാതെനിന്നപ്പോൾ സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍റൈസേഴ്സിന് രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ഓപ്പണർ ജോണി ബെയർസ്റ്റോയെ (പൂജ്യം) നഷ്ടപ്പെട്ടു. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയും വാർണറും സ്കോർ 120ൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. 45 പന്തിൽ 57 റണ്‍സ് നേടിയ വാർണറെ ഹർഭജൻ എം.എസ്. ധോണിയുടെ കൈകളിലെത്തിച്ചു.
രണ്ട് സിക്സും മൂന്ന് ഫോറും ഓസീസ് താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. 72 പന്തിൽനിന്ന് 115 റണ്‍സ് നേടിയാണ് ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. മൂന്നാം വിക്കറ്റിൽ വിജയ് ശങ്കറും (26 റണ്‍സ്) മനീഷ് പാണ്ഡെയും ചേർന്ന് 33 പന്തിൽ 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
നാല് പന്തിൽ അഞ്ച് റണ്‍സുമായി യൂസഫ് പഠാൻ പുറത്താകാതെനിന്നു. ആദ്യ അഞ്ച് ഓവറിൽ 43 റണ്‍സ് ഹൈദരാബാദിന്റെ സ്കോർബോർഡിൽ എത്തി. 11 ഓവർ പൂർത്തിയായപ്പോൾ സ്കോർ 103 ആയി. അവസാന മൂന്ന് ഓവറിൽ 24 റണ്‍സ് നേടാനേ സണ്‍റൈസേഴ്സിനു സാധിച്ചുള്ളൂ.