കോഴിക്കോട്: ന്യൂ ജനറേഷനുകള്‍ പൊളിച്ചടുക്കിയപ്പോള് വോട്ടിംഗ് ശതമാനം കൂടി… ഒപ്പം സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പും. പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയ കന്നിവോട്ടര്‍മാര്‍ ഭൂരിഭാഗവും വോട്ട് രേഖപ്പെടുത്തിയതോടെയാണ് വോട്ടിംഗ് ശതമാനം കുത്തനെ ഉയര്‍ന്നതെന്ന് ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളും പറയുന്നു.
കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ട് ലക്ഷത്തോളം പുതിയ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം നേരത്തേ എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതോടെ ഇവരുടെ മനസ് ആര്‍ക്കൊപ്പമെന്നറിയാന്‍ സ്ഥാനാര്‍ഥികള്‍ക്കും കാത്തിരിക്കണം. മെയ് 23 വരെ…
പൊതുവേ പോളിംഗ് ശതമാനം ഉയര്‍ന്നാല്‍ അത് യുഡിഎഫിനും കുറഞ്ഞാല്‍ എല്‍ഡിഎഫിനും അനുകൂലമാകുമെന്ന പഴയ തത്വശാസ്ത്രം പ്രസക്തമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ സജീവമായ യുവാക്കളുടെ മനസ്സായിരിക്കും വിജയികളെ തീരുമാനിക്കുന്നതില്‍ നിര്ണായകമാകുകഎന്നാണ് കരുതപ്പെടുന്നത്.
ഒന്നുകില്‍ ബിജെപി, അല്ലെങ്കില്‍ അവരെ എതിര്‍ക്കുന്നവര്‍ എന്നതാണ് പുതുതലമുറയുടെ ലൈന്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ബിജെപിക്കെതിരേ വോട്ട് ചെയ്യുന്നവര്‍ ആര്‍ക്ക് “കുത്തി’ എന്നതാണ് ഇരുമുന്നണികളെയും വലയ്ക്കുന്നത്.
ഒരു സംഘടനാസംവിധാനത്തിനും കണ്ടുപിടിക്കാന്‍ കഴിയാത്ത ഇവരുടെ മനസ്സ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. രാവിലെ മുതല്‍ തന്നെ യുവാക്കള്‍ കൂടുതലായി വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അവധി അനുവദിച്ചിരുന്നതിനാല്‍ ഇവരുടെ സജീവപങ്കാളിത്തം വോട്ടിംഗ് കേന്ദ്രങ്ങളില്‍ ദൃശ്യമായി.
സോഷ്യല്‍ മീഡിയവഴിയുള്ള പ്രചാരണം വലിയ ഒരു വിഭാഗം കന്നിവോട്ടര്മാരെയും യുവാക്കളെയും ആകര്‍ഷിച്ചിട്ടുണ്ട്. ഈ ഒരു പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.