കൽപ്പറ്റ: കന്നി വോട്ട് ചെയ്ത് പിതാവും മകനും. തേറ്റമല കേളോത്ത് ഇബ്രാഹിമാണ് മകൻ മുഹമ്മദ് റാഫിക്കൊപ്പം കന്നിവോട്ടു ചെയ്തത്. രണ്ടു പതിറ്റാണ്ടിലധികം പ്രവാസ ജീവതം നയിച്ച ഇബ്രാഹിം നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനു ആരവം ഉയർന്നത്.
വൈകാതെ അപേക്ഷ നൽകി ഇബ്രാഹിം വോട്ടർ പട്ടികയിൽ ഇടം നേടുകയായിരുന്നു. തിരിച്ചറിയൽ കാർഡും സ്വന്തമാക്കി. ഇതിനിടെ 18 തികഞ്ഞ മകൻ മുഹമ്മദ് റാഫിയും വോട്ടറായി. തേറ്റമല ഗവ.ഹൈസ്കൂളിലെ ബൂത്തിലായിരുന്നു ഇരുവർക്കും വോട്ട്.
കന്നി വോട്ട് ചെയ്യാൻ രാവിലെയെത്തിയ ഇബ്രാഹിമാണ് ബുത്തിൽ ആദ്യം വോട്ടു ചെയ്തത്. മധ്യവയസിലെത്തിയ ഇബ്രാഹിമിന്റെ കന്നിവോട്ട് നാട്ടുകാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും കൗതുകമായി.