ഏറ്റൂമാനൂർ: ഏറ്റുമാനൂരിൽ വീട്ടു ജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതിയെ ദേഹാസ്വാസ്ഥ്യം മൂലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മറ്റക്കര പാദുവ സ്വദേശി പ്രഭാകരനെ (70) ഇന്നലെ രാത്രിയിൽ പള്ളിക്കത്തോട്ടിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ഏറ്റൂമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത സമയത്ത് ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. മാത്രമല്ല ഭക്ഷണവും കഴിച്ചിരുന്നില്ല. പ്രതിയ്ക്ക് രക്തസമ്മർദം വർധിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം പ്രഭാകരനെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ഡ്രിപ്പ് ഇട്ടു.
ഡിസ്ചാർജ് ചെയ്തതിന് ശേഷമേ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയുള്ളു. ഇന്നലെ രാവിലെയാണ് കട്ടച്ചിറ കടവിൽ ഉഷ രാജനെ (50) ജോലി ചെയ്ത വീട്ടിൽ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഉഷയുടെ സംസ്കാരം ഇന്ന് രാവിലെ 11ന് വിട്ടു വളപ്പിൽ നടത്തി.
അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്താലേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവു. പിടിയിലാകുന്പോൾ പ്രതിക്ക് കടുത്ത രക്തസമ്മർദം ഉണ്ടായിരുന്നതിനാൽ പോലീസിന് ഒരക്ഷരം പോലും ചോദിക്കാനായില്ല. ഉഷയെ എന്തിനാണ് കൊന്നത്, അത്രയ്ക്ക് വല്ല വിരോധവും ഉണ്ടായിരുന്നോ , അതേ പെട്ടെന്നുണ്ടായ എന്തെങ്കിലും പ്രശ്നമാണോ തുടങ്ങി ഒട്ടനധി ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
പ്രതി പ്രാഭാകരനല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നുള്ള വിവരവും ചോദിച്ചറിയേണ്ടതുണ്ട്. ഉഷയെ കൊന്ന വിവരം പ്രഭാകരൻ തന്നെയാണ് വിളിച്ചു പറഞ്ഞത്. എന്തായിരിക്കാം ഇതിന്റെ പിന്നിലുള്ള ഉദേശ്യം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും ലഭിക്കണം. ശാസ്ത്രീയമായ തെളിവും സാഹചര്യ തെളിവും മാത്രമാണ് ഇപ്പോഴുളളത്. അതിനാൽ പോലീസിന് തെളിവ് ശേഖരിക്കൽ കടുപ്പമായേക്കും.