കൊച്ചി: എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി.രാജീവിനെയും യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തി മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഇടത് വലത് സ്ഥാനാർഥികൾ മികച്ചവരെന്ന് വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ പരാമർശം അപക്വമെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
സ്ഥാനാർഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. ഇവർ രണ്ടുപേരും (പി.രാജീവും ഹൈബി ഈഡനും) എനിക്ക് വേണ്ടപ്പെട്ടവരാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു.
ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105-ാം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം പുറത്തുവന്നപ്പോഴായിരുന്നു ഇടത് വലത് സ്ഥാനാർഥികളെ മമ്മൂട്ടി പ്രശംസിച്ചത്. ആരും വോട്ട് പാഴാക്കരുതെന്നും മമ്മൂട്ടി അഭ്യർഥിച്ചിരുന്നു.