കായംകുളം: വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയായില്ലെന്ന വിവരത്തെ തുടർന്ന് പോളിംഗ് ബൂത്തിൽ എത്തിയ യുഡിഎഫ് സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. കായംകുളം ചേരാവള്ളി ഗവ. എൽപിഎസിലെ പോളിംഗ് ബൂത്തിൽ ഇന്നലെ രാത്രിയോടെ എത്തിയ ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെയാണ് പോളിംഗ് ബൂത്തിനുള്ളിലേക്ക് കയറി വോട്ടെടുപ്പ് വൈകിയതിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്.
ഇവിടെ ആറിനുശേഷവും സ്ത്രീകൾ ഉൾപ്പടെ നൂറിലധികം വോട്ടർമാരുടെ നീണ്ട നിരയാണ് വോട്ട് ചെയ്യാൻ കാത്തുനിന്നത്. ഷാനിമോൾ ഉസ്മാൻ ഗേറ്റിന് മുന്നിൽ എത്തിയ വിവരം അറിഞ്ഞ് എൽഡിഎഫ് പ്രവർത്തകർ ഇവരെ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞു വെയ്ക്കുകയായിരുന്നു.
സ്ഥാനാർഥിക്ക് അകത്തു കയറാൻ അനുവാദം ഉണ്ടെന്ന് പറഞ്ഞെങ്കിലും എൽഡിഎഫ് പ്രവർത്തകർ പിന്മാറിയില്ലന്നും ആക്ഷേപമുണ്ട്. പിന്നീ്ട് പോലീസെത്തി രംഗം ശാന്തമാക്കി. ഷാനിമോൾ ഉസ്മാനെ പോളിംഗ് ബൂത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി ഒന്പതോടെയാണ് ഇവിടെ വോട്ടെടുപ്പ് പൂർത്തിയായത്.