പത്തനംതിട്ട: വിവിധ വിഷയങ്ങളുയർത്തി ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്കു മികച്ച പ്രതികരണം കണ്ടതിന്റെ ആശ്വാസത്തിലാണ് രാഷ്ട്രീയകക്ഷികൾ. ഒപ്പം ചങ്കിടിപ്പും വർധിച്ചു. കഴിഞ്ഞതവണ 66.02 ശതമാനമായിരുന്നു പത്തനംതിട്ടയിലെ പോളിംഗ്. ലഭ്യമായ കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 74.19. പത്തനംതിട്ട മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ്.
മണ്ഡലത്തിലെ 13,78,587 വോട്ടർമാരിൽ 10,22,763 പേർ വോട്ടു ചെയ്തതായാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. രാത്രി എട്ടുവരെ പല സ്ഥലങ്ങളിലും പോളിംഗ് തുടർന്നതിനാൽ കണക്കുകൾ ഇനി മാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. ത്രികോണ പോരാട്ടം നടന്ന മണ്ഡലത്തിൽ ഉണ്ടായ പോളിംഗ് വർധന മുന്നണികൾക്കു ചങ്കിടിപ്പ് വർധിപ്പിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ വിജയിക്കണമെങ്കിൽ നാലു ലക്ഷം വോട്ടെങ്കിലും നേടണമെന്ന സാഹചര്യമുണ്ട്.
2014ൽ 13,17,851 വോട്ടർമാരിൽ 8,71,251 പേരാണ് വോട്ടു ചെയ്തത്. ഇത്തവണ പോളിംഗ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്തുലക്ഷം കടക്കുമെന്ന് ആരും കരുതിയില്ല.നിയോജകമണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം കാഞ്ഞിരപ്പള്ളി – 77.94, പൂഞ്ഞാർ 77.26, തിരുവല്ല – 70.82, റാന്നി – 70.59, ആറന്മുള – 72, കോന്നി -74.19, അടൂർ – 76.50.
ഇന്നലെ രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയപ്പോൾ പലയിടത്തും യന്ത്രങ്ങളുടെ തകരാറുകളും ബൂത്തുകളിലെ വെളിച്ചക്കുറവും പ്രശ്നങ്ങളായി. ഇതിനിടെയിൽ ബൂത്തുകൾക്കു മുന്പിൽ വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട്ടു. രാവിലെ ഒന്പതോടെ 5.81 ശതമാനം പേർ വോട്ടു ചെയ്തു. പത്തിന് 15 ശതമാനമായി പോളിംഗ് കുതിച്ചുയർന്നു. മണ്ഡലത്തിലെ മിക്ക പോളിംഗ് ബൂത്തുകളിലും സ്ത്രീകളുടെയും പുരുഷൻമാരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. പതിനൊന്നോടെ പോളിംഗ് 21 ശതമാനം കടന്നു. ഉച്ചകഴിഞ്ഞ് മൂന്നു വരെ കനത്ത പോളിംഗ് നടന്നു.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നേരിയ വ്യത്യാസത്തോടെയാണ് ശതമാനം ഉയർന്നത്. കാഞ്ഞിരപ്പളളിയിൽ 23ശതമാനവും പൂഞ്ഞാറിൽ 22ശതമാനവും പേർ വോട്ടു ചെയ്തു. റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിൽ 21 ശതമാനത്തിലെത്തി. ആറൻമുളയിൽ 20ഉം തിരുവല്ലയിൽ 19ഉം ശതമാനം പേർ വോട്ടിട്ടു. തുടർന്നുളള ഓരോ മണിക്കൂറിലും പത്ത് ശതമാനം കണക്കെ പോളിംഗ് വർധിച്ചു വന്നു.
ഉച്ചയ്ക്ക് 12ന് 30 ശതമാനം കടന്നു. ഒന്നിന് 40 ശതമാനവും രണ്ടിന് 50ശതമാനവും പിന്നിട്ടു. മണ്ഡലത്തിലെ 13,78,587 വോട്ടർമാരിൽ രണ്ടിന 6,90,912 പേർ വോട്ട് ചെയ്തു. കൂടുതൽ പേർ വോട്ട് ചെയ്തത് ആറന്മുള മണ്ഡലത്തിലാണ്. 1,12,005 പേരാണ് ആറന്മുളയിൽ വോട്ട് ചെയ്തത്. ശതമാനം 49.17. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുളള മണ്ഡലമാണ് ആറൻമുള. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 97,450 (54.53 ശതമാനം) പൂഞ്ഞാറിൽ 92,991 (52.02 ശതമാനം) പേരും റാന്നിയിൽ 95983 (50.34 ശതമാനം) പേരും കോന്നിയിൽ 98909 (50.79 ശതമാനം) പേരും അടൂരിൽ 99505 (49.2 ശതമാനം) പേരും തിരുവല്ലയിൽ 94069 ( 45.87 ശതമാനം) പേരും വോട്ടു ചെയ്തു.
വൈകുന്നേരം നാലിന് പോളിംഗ് പോളിംഗ് 61.43 ശതമാനമായി. അവസാന മിനിട്ടുകളിലും പോളിംഗ് ശതമാനം ഉയർന്നു കൊണ്ടിരുന്നു. അഞ്ചിന് 9, 14, 548 പേർ വോട്ട് ചെയ്തു. 66.33 ശതമാനം. വൈകുന്നേരം 5.40ന് പോളിംഗ് 70 ശതമാനം കടന്നു. 6.30 ഓടെ 72 ശതമാനത്തിലെത്തി. രാത്രി ഏഴിന് പോളിംഗ് ശതമാനം 73.04 ലെത്തി.
മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം – 2019 ലോക്സഭ, 2014 ലോക്സഭ ക്രമത്തിൽ
കാഞ്ഞിരപ്പള്ളി
77.94- 68.52
പൂഞ്ഞാർ
71.26-68.52
തിരുവല്ല
70.82-70.82
റാന്നി
70.59 -64.12
ആറന്മുള
72.00 -64.91
കോന്നി
74.19 -68.12
അടൂർ
76.50 -68.14