ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ ജനം പോളിംഗ് ബൂത്തിലേക്കു ഒഴുകിയപ്പോൾ ആവേശത്തിലും ആകാംക്ഷയിലും മുന്നണികളും ജനങ്ങളും. മുന്നണി നേതാക്കൾ പരസ്യമായി അവകാശവാദം ഉന്നയിക്കുന്പോഴും അവർ പോലും ആകാംക്ഷയിലാണ്. പോളിംഗ് ശതമാനം കുതിച്ചുയർന്നതോടെ എങ്ങും ആകാംക്ഷയാണ്. ഈ പോളിംഗ് ആരെയാണ് സഹായിക്കുക എന്നറിയാനുള്ള ആകാംക്ഷ.
കേരളം ഇന്നു വരെ കാണാത്ത കനത്ത പോളിംഗ് ശതമാനത്തെയാണ് സംസ്ഥാനം ദർശിച്ചത്. ചില ബൂത്തുകളിൽ വോട്ടിംഗ് തീർന്നത് രാത്രി പത്തരയോടെയാണ്. 77.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്ന് ഇതുവരെയുള്ള കണക്കുകൾ. വലിയ വോട്ടിംഗ് ശതമാനത്തിൽ വലിയ പ്രതീക്ഷകളോടെ ഇരു മുന്നണികളും മുന്നോട്ട് പോകുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വോട്ടിംഗ് ശതമാനം റിക്കാർഡാണ്. വയനാട് ഉൾപ്പെടെ എട്ടുണ്ഡലങ്ങളിൽ പോളിംഗ് ശതമാനം എണ്പതു കടന്നു. കാസർകോട്, കണ്ണൂർ, വയനാട്, വടകര, കോഴിക്കോട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് 80 ശതമാനം കടന്നത്.
ഇവിടെയും ആർക്കും ഒരു മുന്നണികൾക്കും അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. എൽഡിഎഫും യുഡിഎഫും ജയിച്ച മണ്ഡലങ്ങളാണിത്. ഇന്നു ഏറ്റവും പുതിയ പോളിംഗ് ശതമാനം വരുന്പോൾ മറ്റു മണ്ഡലങ്ങളും എണ്പതിനോട് അടുക്കും. പോളിംഗ്ശതമാനം കൂടിയതുകൊണ്ടു ഒരു മുന്നണികൾക്കും ആശ്വാസിക്കാനോ അവകാശവാദം ഉന്നയിക്കാനോ സാധിക്കില്ലെന്നാണ്ചരിത്രം. ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിൽ ഇക്കുറി പോളിങ് ശതമാനം കൂടി. തിരുവനന്തപുരത്ത് 2014-ലെ 68.69-ൽനിന്ന് ഇത്തവണ 73.45 ശതമാനമായി.
പത്തനംതിട്ടയിൽ 66.02-ൽനിന്ന് 74.04 ആയും തൃശൂരിൽ 72.17-ൽനിന്ന് 77.49 ആയും ഉയർന്നു. കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ 73.29-ൽ നിന്ന് 80.31 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണിത്. രാഹുൽ ഗാന്ധിയുടെ മത്സരമാണ് വയനാട്ടിലെ പോളിംഗിനെ സ്വാധീനിച്ചത്. വലിയ ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നതിന്റെ സൂചനയാണ് ഇത്.
1999 മുതൽ പോളിംഗ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനും എൽഡിഎഫിനും മേൽക്കൈ നേടാനുമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പോളിംഗ് ശതമാനം അനുസരിച്ചുള്ള ഫല പ്രവചനം അസാധ്യമാണ്. 1999-ൽ 70 ശതമാനം പോളിംഗ് നടന്നപ്പോൾ യുഡിഎഫിനു 11-ഉം എൽഡിഎഫിനു ഒന്പതും സീറ്റാണ് ലഭിച്ചത്. 2004-ൽ പോളിംഗ് ശതമാനം 71.45 ആയിരുന്നു. എൽഡിഎഫിനു 18-ഉം യുഡിഎഫിനും എൻഡിഎക്കും ഓരോ സീറ്റും കിട്ടി.
2009-ൽ 73.37 ശതമാനമായപ്പോൾ യുഡിഎഫിന് 16-ഉം എൽ.ഡി.എഫിന് നാലും സീറ്റായി. 2014-ൽ പോളിങ് ശതമാനം 74.02 ആയപ്പോൾ യുഡിഎഫ്. 12-ഉം എൽഡിഎഫ് എട്ടും സീറ്റ് നേടി. അന്നൊന്നും ബിജെപി ചിത്രത്തിൽ ഇല്ലായിരുന്നു. എന്നാൽ ഇത്തവണ ബിജെപിയും പല സ്ഥലത്തും ശക്തമായ സ്വാധീന ശക്തിയാണ്.
വോട്ടിംഗ് യന്ത്രങ്ങൾ പലേടത്തും കേടായത് വോട്ടെടുപ്പ് വൈകാനും തർക്കങ്ങൾക്കും കാരണമായി. എന്നാൽ, എങ്ങും റീപോളിംഗ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ എല്ലാ ബൂത്തിലും വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അതും വോട്ടെടുപ്പിന് കൂടുതൽ സമയമെടുക്കാൻ കാരണമായി.
യുഡിഎഫിനെ സഹായിക്കാൻ രാഹുൽതരംഗം ഉണ്ടായിട്ടോ എൽഡിഎഫിനെ സഹായിക്കാൻ വർഗീയതയ്ക്കെതിരേയുള്ള പോരാട്ടം എത്തുമോ ബിജെപിയെ ശബരിമല സഹായിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.ശബരിമല വിഷയം പത്തനംതിട്ടയെ സ്വാധീനിച്ചു അതു കൊണ്ടു പോളിംഗ് ശതമാനം വർധിച്ചുവെന്നു പറയുന്പോഴും മറ്റു മണ്ഡലങ്ങളിലും ഇതേ നിലയിൽ പോളിംഗ് ശതമാനം വർധിച്ചിട്ടുണ്ട്. അതു കൊണ്ടു പ്രവചനാതീതമാണ് കാര്യങ്ങളെന്നും രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.