കേരളത്തിലെ ഇന്റലിജന്‍സ് ബ്യൂറോയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇന്റലിജന്‍സിന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്ക് രാവിലെ കിട്ടിയിരുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിന് ജയമുറപ്പുള്ളത് പാലക്കാട് അടക്കം ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണെന്ന വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് കണ്ടശേഷമാണ് പിണറായി എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്നത്.
പാലക്കാട് എംബി രാജേഷിന് ജയം ഉറപ്പാണ്. വടകരയിലും ആലത്തൂരിലും കടുത്ത മത്സരം നടന്നു. എന്നാല്‍ കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും മലബാര്‍ മേഖലയില്‍ യുഡിഎഫ് മുന്നിലെത്തും. വയനാട്ടിലെ രാഹുല്‍ തരംഗമാണ് ഇതിനെല്ലാം കാരണം. തെക്കന്‍ കേരളത്തില്‍ എല്ലായിടത്തും സിപിഎം പിന്നിലാണ്. തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. പത്തനംതിട്ടയിലും ഇത് തന്നെയാണ് സാഹചര്യം.
പാലക്കടും തൃശൂരിലും ബിജെപിക്ക് നില മെച്ചപ്പെടുത്താന്‍ സാധ്യത ഏറെയാണ്. കൊല്ലത്തും കോട്ടയത്തും മാവേലിക്കരയിലും എറണാകുളത്തും യുഡിഎഫിന് മുന്‍തൂക്കമുണ്ട്. ആലപ്പുഴയില്‍ കടുത്ത മത്സരമാണ്. ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് കഴിയുകയും ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വെല്ലുവിളിയെ കോണ്‍ഗ്രസ് ചെറുക്കുമെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
പോളിംഗ് ശതമാനം കൂടിയതിനെ കുറിച്ച് അഭിപ്രായം പറയാന്‍ മടിച്ച മുഖ്യമന്ത്രി ‘മാറി നില്ക്ക് അങ്ങോട്ട്’ എന്നു പ്രതികരിച്ചു. തുടര്‍ന്നു വാഹനത്തില്‍ കയറി പോകുകയായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ദേഹം രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്പോഴാണു മാധ്യമങ്ങള്‍ സമീപിച്ചത്.
ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 77.68 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. പോളിംഗ് ശതമാനം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വാദവുമായി മൂന്നു മുന്നണികളും രംഗത്തെത്തിയിരുന്നു.